നഗരഹൃദയത്തിലെ ശുചിമുറികൾ തുറന്നു : തുറന്നതു മാസങ്ങൾക്കു ശേഷം
1486617
Friday, December 13, 2024 3:44 AM IST
തൊടുപുഴ: നഗരഹൃദയത്തിൽ അടഞ്ഞുകിടന്ന ശുചിമുറികൾ മാസങ്ങൾക്കു ശേഷം തുറന്നു. തൊടുപുഴ നഗരസഭ ഓഫീസിന് എതിർവശത്തെ മുനിസിപ്പൽ പാർക്കിലെ സ്ത്രീസൗഹൃദ ശുചിമുറിയും ടൗണ്‍ ഹാളിനു സമീപത്തെ ടോയ്ലറ്റുമാണ് ഇന്നലെ മുതൽ തുറന്നത്.
ഏറെ നാളായി ജ്യോതി സൂപ്പർ ബസാറിന് എതിർവശത്തുള്ള ടാക്സി സ്റ്റാൻഡിലെ ഉൾപ്പെടെയുള്ള ശുചിമുറികൾ അടഞ്ഞുകിടക്കുകയായിരുന്നു. അറ്റകുറ്റപ്പണിയുടെ പേരിലാണ് ശുചിമുറികൾ അടച്ചുപൂട്ടിയത്.
മുനിസിപ്പൽ ഓഫീസിനു മുന്നിലെ ടോയ്ലറ്റ് കോംപ്ലക്സ് സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിരിക്കുകയായിരുന്നു. എന്നാൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യമാണെന്ന് പരാതിയുയർന്നിരുന്നു. ഇതിനു പുറമേ ടോയ്ലറ്റിലെ ക്ലോസറ്റുകളും പൈപ്പുകളും സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെ നഗരസഭ ടോയ്ലറ്റ് അടച്ചുപൂട്ടുകയായിരുന്നു. ഇതിനു പുറമേയാണ് ജ്യോതി സൂപ്പർ ബസാറിനു സമീപത്തെ ടാക്സി സ്റ്റാൻഡിലെയും ടൗണ്‍ഹാളിനു സമീപത്തെയും ശുചിമുറികളും അടച്ചുപൂട്ടിയത്. മുനിസിപ്പൽ പാർക്കിനോടു ചേർന്നാണ് സ്ത്രീസൗഹൃദ ടോയ്ലറ്റ് നിർമിച്ചിരിക്കുന്നത്. അവധി ദിവസങ്ങളിലും മറ്റും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പാർക്കിലെത്താറുണ്ട്.
ഇവർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ടോയ്ലറ്റ് മാസങ്ങളോളം പൂട്ടിക്കിടന്നത് പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽടോയ്ലറ്റിനു മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു. ടോയ്ലറ്റ് ഉപയോഗിക്കുന്നവരിൽനിന്നു പണംപിരിക്കാനും വൃത്തിയായി സൂക്ഷിക്കുന്നതിനും നഗരസഭ ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
ഗാന്ധിസ്ക്വയറിനു സമീപം ടൗണ്‍ ഹാളിനോടു ചേർന്നാണ് മറ്റൊരു ശുചിമുറിയുള്ളത്. ഇതും അറ്റകുറ്റപ്പണി നടത്തി തുറന്നുനൽകിയതായി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. കരീം പറഞ്ഞു. ടാക്സി സ്റ്റാൻഡിലെ ശുചിമുറി പൊതുജനങ്ങൾക്കു പുറമേ ഡ്രൈവർമാരും ഉപയോഗിക്കുന്നതാണ്. ഇതിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ തുറന്നു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ടോയ്ലറ്റും അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. എന്നാൽ ലക്ഷങ്ങൾ മുടക്കി ബസ് സ്റ്റാൻഡിൽ ആധുനിക രീതിയിൽ നിർമിച്ചിരിക്കുന്ന പുതിയ ടോയ്ലറ്റ് കം ഷീ ലോഡ്ജ് തുറന്നുനൽകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇവിടെ ടാങ്ക് നിർമിക്കാൻ സൗകര്യമില്ലാത്തതാണ് പ്രതിസന്ധിയായി നിൽക്കുന്നത്.
ടാങ്ക് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം പാറയായതാണ് നിർമാണത്തിനു തടസമായത്. മതിയായ പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നാണ് ആക്ഷേപം.