ഭക്ഷണശാലകൾക്ക് ആനുകുല്യം ലഭ്യമാക്കണം: കെഎച്ച്എഫ്എ
1460115
Thursday, October 10, 2024 12:37 AM IST
തൊടുപുഴ: ആയിരക്കണക്കിനു ജനങ്ങൾക്ക് ആഹാരം, കുടിവെള്ളം, ഇരിപ്പിടം, സൗജന്യ ശൗചാലയം തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഭക്ഷണ ഉത്പാദന വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കേരളഹോട്ടൽസ് ആന്‍ഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൊടുപുഴയിൽ സംഘടിപ്പിച്ച ‘നല്ലതു വിളന്പാം നല്ലതു വിൽക്കാം’ എന്ന സെമിനാറിൽ ആവശ്യപ്പെട്ടു.
സ്വദേശ-വിദേശ ടൂറിസ്റ്റുകളെ രുചിവിഭവങ്ങളും പാർപ്പിടസൗകര്യങ്ങളും നൽകി ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഭക്ഷണ ഉത്പാദന വിതരണ മേഖലയിലെ സ്ഥാപനങ്ങളെ എംഎസ്എംഇ യിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യവും ഉന്നയിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സണ്‍ പ്രഫ.ജെസി ആന്റണി സെമിനാർ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് എം.എൻ. ബാബു അധ്യക്ഷത വഹിച്ചു. അസി. ഫുഡ് സേഫ്റ്റി കമ്മീഷണർ ബൈജു പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേരള പൊലൂഷൻ കണ്ട്രോൾ അസി. എൻജിനിയർ അബ്ദുൾ മൊയ്തീൻ, ഫുഡ് സേഫ്റ്റി തൊടുപുഴ സർക്കിൾ ഓഫീസർ രാജേന്ദു, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദേവസേനനൻ, രാജേഷ് എന്നിവർ ക്ലാസ് നയിച്ചു. ജോസ് ലെറ്റ്മാത്യു, ഷമീർ കൈഫാൻ എന്നിവർ പ്രസംഗിച്ചു.