മാങ്കുളം പദ്ധതി: ടണൽ ഉടൻ പ്രവർത്തനസജ്ജമാകും
1459664
Tuesday, October 8, 2024 6:46 AM IST
തൊടുപുഴ: 40 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് നിർമാണം ആരംഭിച്ച മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ ടണൽ ഉടൻ പ്രവർത്തനസജ്ജമാകും.10ന് ടണൽ ഡ്രൈവിംഗ് ജോലികൾ പൂർത്തിയാക്കും.
2.5 കിലോമീറ്റർ നീളവും 3.6 മീറ്റർ വ്യാസവുമുള്ള ടണലിന്റെ നിർമാണമാണ് പൂർത്തിയാകുന്നത്. നിർമാണ കാലാവധിയുടെ നാലുമാസം മുന്‍പായി പൂർത്തിയാക്കാനായി എന്ന പ്രത്യേകതയുമുണ്ട്. റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിന്റെ സഹായത്തോടെയാണ് ടണൽ നിർമാണം നടത്തിയത്. 51 ഡിഗ്രി ചെരിവിലുള്ള തുരങ്കത്തിന്റെ 230 മീറ്റർ ഭാഗം കൂടി പൂർത്തിയായാൽ പദ്ധതിയുടെ ജലനിർഗമന സംവിധാനത്തിന്റെ ഡ്രൈവിംഗ് പ്രവൃത്തികൾ പൂർണമാകും.
അതേസമയം ഡാം, പവർ ഹൗസ് എന്നിവയുടെ നിർമാണം ഇനിയും എങ്ങുമെത്തിയിട്ടില്ല. 2022 ഏപ്രിൽ ഒന്നിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായാണ് പദ്ധതി നിർമാണോദ്ഘാടനം നിർവഹിച്ചത്. 70 മീറ്റർ നീളവും 1.5 മീറ്റർ വ്യാസവുമുള്ള പെൻസ്റ്റോക്ക് ഫാബ്രിക്കേഷൻ ഉടൻ ആരംഭിക്കും. പവർ ഹൗസിന്റെയും ഡാമിന്റെയും എസ്കവേഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പി.ഇ.എസ് എൻജിനിയേഴ്സ് ആന്‍ഡ് കെ.എസ്.ആർ ഇൻഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സോർഷ്യമാണ് കരാറുകാർ. 2009 ജൂണ്‍ അഞ്ചിന് പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ നീണ്ടുപോയതിനാൽ റദ്ദുചെയ്യുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിൽ കുരുങ്ങിയാണ് പദ്ധതി നീണ്ടുപോയത്.
പദ്ധതിക്കാവശ്യമായി 80.01 ഹെക്ടർ ഭൂമിയിൽ 11.91 ഹെക്ടർ വനഭൂമിയും 15.16 ഹെക്ടർ പുഴയും ബാക്കി പട്ടയ, പട്ടയരഹിത സ്വകാര്യഭൂമിയുമാണ്. ആവശ്യമായ 95 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ജില്ലാതല പർച്ചേസ് കമ്മിറ്റി രൂപീകരിച്ച് നെഗോഷ്യബൾ പർച്ചേസ് പദ്ധതി പ്രകാരം ഭൂ ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകിയാണ് 250-ൽ പരം ഭൂ ഉടമകളിൽ നിന്ന് ഇത്രയും ഭൂമി ഏറ്റെടുത്തത്.
പദ്ധതിയുടെ ഒന്നാം ഘട്ടം 2026-ൽ പൂർത്തീകരിച്ച് വൈദ്യുതോത്പാദനം ആരംഭിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. നാലര പതിറ്റാണ്ട് മുന്‍പ് ആലോചന തുടങ്ങിയ പദ്ധതിയാണിത്. പദ്ധതിക്കായി ഭൂമി വിട്ടു നൽകിയിട്ടുള്ളതുമൂലം കച്ചവടസ്ഥാപനങ്ങളും മറ്റും നഷ്ടമായവർക്ക് പുനരധിവാസ പദ്ധതിയിൽപ്പെടുത്തി 7,500 ചതുരശ്രയടി വിസ്തീർണത്തിൽ 29 മുറികളുള്ള വ്യാപാര സമുച്ചയം 2.3 കോടി രൂപ ചെലവിൽ നിർമിച്ച് കടമുറികൾ കുറഞ്ഞ വാടകയ്ക്കു നൽകിയിട്ടുണ്ട്. ഇതിനു പുറമേ സ്ഥലം ഏറ്റെടുത്തതുമൂലം വീട് നഷ്ടപ്പെട്ടവർക്കും സ്വന്തമായി മറ്റു ഭൂമി ഇല്ലാത്തവർക്കും നഷ്ടപരിഹാരത്തിന് പുറമേ മൂന്നു സെന്റ് ഭൂമി വീതം സൗജന്യമായി ആനച്ചാലിൽ നൽകിയിട്ടുമുണ്ട്.