അധ്യാപക ദ്രോഹ നടപടി: കട്ടപ്പന ഡിഇഒ ഓഫീസിനു മുന്നിൽ മാർച്ച്, സംഘർഷം
1430109
Wednesday, June 19, 2024 4:32 AM IST
കട്ടപ്പന: കട്ടപ്പന ഡിഇഒ ഓഫീസിലെത്തുന്ന അധ്യാപകരെ ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്യുന്ന കട്ടപ്പന ഡിഇഒയുടെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കെഎസ്യു, കെപിഎസ്ടി എ, സംസ്കൃത അധ്യാപക ഫെഡറേഷൻ, കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, ദേശീയ അധ്യാപക യൂണിയൻ, കെഎസ്എസ്ടിഎഫ് സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
കെഎസ്യു ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംഘർഷഭരിതമായി. അധ്യാപകരോട് അപമര്യാദയായി പെരുമാറിയ കട്ടപ്പന ഡിഇഒയ്ക്കെതിരേ നടപടി സ്വീകരിക്കുക, ഡിഇഒ ഓഫീസിലെ ക്രമക്കേടുകൾ പരിശോധിക്കുക, ഓഫീസിലെ അഴിമതിക്കാർക്കെതിരേ നടപടി സ്വീകരിക്കുക, അധ്യാപകരുടെ നിയമനം തടഞ്ഞുവയ്ക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മാഹിൻ മുപ്പതിൽച്ചിറയുടെയും കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് ജോണ്സണ് ജോയിയുടെയും നേതൃത്വത്തിലായിരുന്നു മാർച്ച്.
കെപിഎസ്ടിഎ പ്രതിഷേധം
കട്ടപ്പന ഡിഇഒയുടെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടി എ പ്രതിഷേധ ധർണ നടത്തി. വലിയതോവാള സ്കൂളിലെ അധ്യാപികയോട് മോശമായി പെരുമാറുകയും അധ്യാപിക ഓഫീസിൽ കുഴഞ്ഞുവീഴുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ധർണ.
വലിയതോവാള സ്കൂളിൽ എത്തി കെപിഎസ്ടിഎ നേതാക്കൾ അധ്യാപികയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡിഇഒ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ കട്ടപ്പന മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. കെപിഎസ് ടി എ ജില്ല പ്രസിഡന്റ് വി.കെ. ആറ്റ്ലി അധ്യക്ഷത വഹിച്ചു. എസ്. സുരേഷ്കുമാർ, ജോർജ് ജേക്കബ്, സംസ്ഥാന സമിതി അംഗം ജോയി ആൻഡ്രൂസ്, ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ, ജോസ് കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കട്ടപ്പന: നിയമനത്തിന്റെ കാര്യം അന്വേഷിക്കാൻ എത്തിയ അധ്യാപികയ്ക്കുനേരേ അതിക്രമം നടത്തിയ കട്ടപ്പന ഡിഇഒക്ക എതിരേ സംസ്കൃത അധ്യാപക ഫെഡറേഷൻ, കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, ദേശീയ അധ്യാപക യൂണിയൻ, കെഎസ്എസ്ടിഎഫ് എന്നീ അധ്യാപക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ധർണ നടത്തി.
ശ്രീപത്മനാഭൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൾഡ് ഡയറക്ടർ ഫാ. സിജു, ദേശീയ അധ്യാപക യൂണിയൻ ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ, കെഎസ്എസ്ടിഎഫ് ജില്ലാ സെക്രട്ടറി ദീപു ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.