വൈദികനു നേരേ നടന്ന ആക്രമണം; പ്രതിഷേധറാലി നടത്തി കത്തോലിക്ക കോണ്‍ഗ്രസ്
1395518
Sunday, February 25, 2024 11:27 PM IST
മുതലക്കോടം: പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടില്‍ അതിക്രമിച്ചുകയറി ആരാധന തടസപ്പെടുത്തുകയും അതു ചോദ്യംചെയ്ത വൈദികനെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ എത്രയും വേഗം നിയമനടപടിക്ക് വിധേയമാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുതലക്കോടം ഫൊറോന സമിതി ആവശ്യപ്പെട്ടു.
ഇതോടനുബന്ധിച്ചു നടന്ന പ്രതിഷേധറാലി ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഫാ.ഡെല്‍ബിന്‍ കുരീക്കാട്ടില്‍, ഫാ. അലന് മരുത്വാമലയില്‍, സിസ്റ്റര്‍ ജയ്ന്‍ ഫ്രാന്‍സീസ്, സിസ്റ്റര്‍ റജിന് ചിറ്റടിയില്‍, പ്രഫ.ജോജോ പാറത്തലയ്ക്കല്‍, ജോസഫ് തോട്ടത്തിമ്യാലില്‍, ജോയ് വന്യംപറമ്പില്‍, ഡിഎഫ്സി കോതമംഗലം രൂപത പ്രസിഡന്റ് ടോം.ജെ. കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂലമറ്റം സെന്റ് ജോർജ്
ഇടവകയോഗം പ്രതിഷേധിച്ചു
മൂലമറ്റം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി അസി. വികാരി ഫാ.ജോസഫ് ആറ്റുചാലിലിനെ പള്ളിമുറ്റത്ത് കയറി വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂലമറ്റം സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ ചേർന്ന യോഗം പ്രതിഷേധിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് , വിൻസെന്റ് ഡിപോൾ ,എസ്എംവൈഎം, പിതൃവേദി, മാതൃവേദി, ഡിഎഫ്സി, സ്വാശ്രയ സംഘം, സണ്ഡേസ്കൂൾ, കുടുംബ കൂട്ടായ്മ, പാരിഷ് കൗണ്‍സിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
ഫൊറോന വികാരി ഫാ. കുര്യൻ കാലായിൽ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. തോമസ് താന്നിമലയിൽ വിഷയാവതരണം നടത്തി. ജോയി കിഴക്കേൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
സിസ്റ്റർ നിർമൽ എസ് എംസി, ജയിംസ് മണക്കാട്ട്, അമൽ കുഴിക്കാട്ടുകുന്നേൽ, ലെന മരിയ ഐസക് , റോയി ജെ. കല്ലറങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
വെള്ളിയാമറ്റം സെന്റ്. ജോർജ് പള്ളിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കുടുംബകൂട്ടായ്മ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഇടവക സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രാർഥനാ ദിനം ആചരിച്ചു. വികാരി ഫാ. ജയിംസ് വെട്ടുകല്ലേൽ നേതൃത്വം നൽകി.
ദുരൂഹത പുറത്തുകൊണ്ടുവരണം: കത്തോലിക്ക കോൺഗ്രസ്
ചെറുതോണി: പൂഞ്ഞാർ പള്ളിയി ൽ ആരാധന നടക്കുന്ന സമയത്ത് പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചുകടക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വൈദികനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിനു പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാസമിതി ആവശ്യപ്പെട്ടു.
കുറച്ചു കാലങ്ങളായി ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളും പള്ളികളും ആത്മീയ നേതൃത്വങ്ങളെയും അപമാനിക്കാനും ആക്രമിക്കാനുമുള്ള ശ്രമങ്ങൾ നിരന്തരം നടന്നുവരികയാണ്. ഇതിനുപിന്നിൽ സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാർക്കെതിരേ കൃത്യമായ നടപടികൾ എടുക്കാനോ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത പുലർത്താനോ സർക്കാർ ഭരണസംവിധാനങ്ങൾ തയാറാകുന്നില്ലെന്നതു തികച്ചും പ്രതിഷേധാർഹമാണ്. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ എടുക്കേണ്ട ആഭ്യന്തരവകുപ്പ് നിസംഗത പാലിക്കുന്നത് ആശങ്കാജനകമാണ്. വൈദികനെ കൈയേറ്റം ചെയ്യുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് കരിമ്പൻ ബിഷപ്സ് ഹൗസിൽ ചേർന്ന് കത്തോലിക്ക കോൺഗ്രസ് രൂപതാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ബേബി കൊടകല്ലിൽ, സെക്രട്ടറി മാത്യൂസ് ഐക്കര, അഗസ്റ്റിൻ പരത്തിനാൽ അപ്പച്ചൻ തേവർ പറമ്പിൽ, സാബു ജോസ്, സെസിൽ ജോസ്, റിൻസി സിബി, ആഗ്നസ് ബേബി, ജോളി തോമസ്, ബെന്നി മൂക്കിലിക്കാട്ട്, ആദർശ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.