യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യുവാവിന് തുണയായി വനിതാ ഡോക്ടറും കെഎസ്ആർടിസി ജീവനക്കാരും
1338492
Tuesday, September 26, 2023 10:56 PM IST
മൂവാറ്റുപുഴ: ബസ് യാത്രയ്ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ബസ് തിരികെ സഞ്ചരിച്ച് ആശുപത്രിയിലെത്തിച്ചു. ബസിലുണ്ടായിരുന്ന വനിതാ ഡോക്ടർ പ്രഥമശുശ്രൂഷ നൽകിയത് യുവാവിന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കി.
മൂവാറ്റുപുഴയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഇന്നലെ രാവിലെ 9.30ഓടെ കടാതിയിലെത്തിയപ്പോഴാണ് പുത്തൻകുരിശ് സ്വദേശിയായ അശ്വിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ തന്നെ ബസിലുണ്ടായിരുന്ന തൊടുപുഴ സെന്റ്് മേരീസ് ആശുപത്രിയിലെ ഡോ. അപർണ പ്രഥമശുശ്രൂഷ നൽകി. ഇതിനിടെ കണ്ടക്ടർ പി.പി. തങ്കച്ചനോടും ഡ്രൈവർ ജോബി വി. മാത്യുവിനോടും വിവരം ധരിപ്പിച്ചു.
ഉടൻ ബസ് തിരിച്ച് മൂവാറ്റുപുഴ നെടുഞ്ചാലിൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് പാഞ്ഞു. ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച ശേഷം യാത്രക്കാരുമായി ബസ് യാത്ര തുടർന്നു.
ചികിത്സയിൽ തുടരുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോ. അപർണയുടെയും ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്.