കംഫർട്ട് സ്റ്റേഷൻ കൈയേറിയ വ്യക്തിയെ ഒഴിപ്പിച്ചു
1301093
Thursday, June 8, 2023 10:55 PM IST
കട്ടപ്പന: കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലെ ഉപയോഗ്യശൂന്യമായ കംഫർട്ട് സ്റ്റേഷൻ കൈയേറി താമസിച്ച വ്യക്തിയെ ഒഴിപ്പിച്ചു.2004ൽ കട്ടപ്പന ഗ്രാമപഞ്ചായത്ത് കാലത്താണ് പഴയ ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷൻ ആരംഭിച്ചത്. എന്നാൽ, പിന്നീട് പുതിയ ബസ് സ്റ്റാൻഡ് വന്നപ്പോൾ പഴയ ബസ് സ്റ്റാൻഡിൽ ആളുകൾ എത്താതിരുന്നതോടെ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി.
വർഷങ്ങൾക്കു ശേഷം കംഫർട്ട്സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഒരാൾ താമസമാക്കുകയായിരുന്നു. പിന്നീട് ഇവിടം കേന്ദ്രീകരിച്ച് മദ്യവും മയക്കുമരുന്നും ഉൾപ്പെടെ വില്പന നടക്കുന്നതായി നഗരസഭയിൽ പരാതി ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ സ്ഥലത്തെത്തി വ്യക്തിയോട് മാറണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ, ഇത് വകവയ്ക്കാത്ത വ്യക്തി അവിടെത്തന്നെ താമസം തുടർന്നു. തുടർന്ന് നഗരസഭ പോലീസിൽ പരാതി നൽകി ഇയാളെ ഇവിടെനിന്ന് ഒഴിപ്പിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകൾ പ്രതിയായി കാപ്പ ചുമത്തി നാടുകടത്തപ്പെട്ട മുഴയൻ കുഞ്ഞുമോൻ ആയിരുന്നു ഇവിടെ കൈയേറി താമസിക്കുന്നത്. ഉപയോഗ്യശൂന്യമായ ടോയ്ലറ്റ് വീടാക്കി മാറ്റി. പുറത്ത് കൃഷിയും നടത്തിയിരുന്നു. കൂട്ടിന് നായ്ക്കുട്ടിയെയും വളർത്തിയിരുന്നു.
കട്ടപ്പന എസ് ഐ ലിജോ പി. മണിയുടെ നേതൃത്വത്തിലാണ് കുഞ്ഞുമോനെ ഒഴിപ്പിച്ചത്.