നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് കേരളോത്സവം ഒമ്പത്, 10, 11 തീയതികളില്‍ നെടുങ്കണ്ടം, രാജാക്കാട്, രാജകുമാരി ഗ്രാമപഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് രാജാക്കാട് ഗവ. എച്ച്എസ്എസില്‍ നടക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് കേരളോത്സവം ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസങ്ങളിലായി എന്‍.ആർ. സിറ്റി എസ്എന്‍വി എച്ച്എസ്എസ്, രാജാക്കാട് ഗവ. എച്ച്എസ്എസ്, രാജകുമാരി പ്രണവം ക്ലബ്ബ്, രാജാക്കാട് ടൗണ്‍, നെടുങ്കണ്ടം സിവില്‍ സ്റ്റേഷന്, നെടുങ്കണ്ടം ഹോളിക്രോസ് സ്കൂള്‍ എന്നിവിടങ്ങളില്‍ കായിക മത്സരങ്ങളും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കലാമത്സരങ്ങളും നടക്കും. 91 മത്സര ഇനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴു ഗ്രാമപഞ്ചായത്തുകളില്‍നിന്നായി 620 ഓളം പേര് പങ്കെടുക്കും.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരും അംഗങ്ങളും പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, വൈസ് പ്രസിഡന്റ് റാണി തോമസ്, പി.എ. ജോണി, വിജയകുമാരി എസ്. ബാബു, സെക്രട്ടറി എം.കെ. ദിലീപ് എന്നിവര്‍ അറിയിച്ചു.