ചെറുതോണി: ഇടുക്കി ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും ശാശ്വതമായ പരിഹാരം കാണുന്നതിന് യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം തടിയമ്പാട് ടൗണില്‍ കര്‍ഷക പ്രതിഷേധറാലിയും സമരവും നടക്കും.
വാഴത്തോപ്പ് കത്തീഡ്രല്‍ ഇടവക എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
വൈകുന്നേരം 4.30ന് മഞ്ഞപ്പാറ പെട്രോള്‍ പമ്പ് ജംഗ്ഷനില്‍നിന്നു നൂറുകണക്കിന് കര്‍ഷകര്‍ കുടുംബാംഗങ്ങളോടൊപ്പം പ്രതിഷേധജാഥയായി തടിയമ്പാട് സമരവേദിയില്‍ എത്തും. വാഴത്തോപ്പ്, ഭൂമിയാംകുളം, മണിയാറന്‍കുടി, മുളകുവള്ളി, ചെറുതോണി പ്രദേശങ്ങളില്‍നിന്നു കര്‍ഷകര്‍ സമരത്തില്‍ അണിചേരും.
തടിയമ്പാട് ടൗണില്‍ നടക്കുന്ന കര്‍ഷകസമരം ഇടുക്കി രൂപത മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് വാഴത്തോപ്പ് യൂണിറ്റ് പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപിള്ളില്‍ അധ്യക്ഷത വഹിക്കും.
ഇടുക്കി രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ മുഖ്യപ്രഭാഷണം നടത്തും.
എകെസിസി രൂപത ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, അസി. ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട്, ഗ്ലോബല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, ഭാരവാഹികളായ അഗസ്റ്റിൻ പരത്തിനാല്‍, ജോണ്‍ കുത്തനാപിള്ളില്‍, ജോയി കടുകുംമാക്കല്, ബാബു ചേറ്റാനി, രാജു വാഴക്കുഴ, ആഗ്നസ് ബേബി, റിന്‍സി സിബി, അനീഷ് ആലാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.