കട്ടപ്പന: ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ച് വരെ വെള്ളയാംകുടിയില്‍ നടക്കുന്ന കെസിവൈഎം സംസ്ഥാന കലോത്സവം 'ഉത്സവ് 2022ന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 32 രൂപതകളില്‍നിന്നായി ആയിരക്കണക്കിന് കലാകാരന്മാര് അണിനിരക്കുന്ന കലോത്സവം അഞ്ച് സ്റ്റേജുകളിലായി നടക്കും.
ഒക്ടോബര്‍ രണ്ടിന് കഥാരചന, കവിതാരചന, കാര്‍ട്ടൂണ്‍, പത്രവാര്‍ത്ത രചന, മുദ്രാവാക്യരചന, ഡിജിറ്റല്‍ പോസ്റ്റര്‍ മേക്കിംഗ്, ട്രോള്‍ മേക്കിംഗ്, ഉപന്യാസം തുടങ്ങിയ ഇനങ്ങളില്‍ സാഹിത്യ മത്സരങ്ങള്‍ നടത്തും. നാല്, അഞ്ച് തീയതികളില്‍ വെള്ളയാംകുടിയില്‍ അഞ്ച് വേദികളിലായി ലളിതഗാനം, പ്രസംഗം, ഡിബേറ്റ്, മോണോ ആക്ട്, മിമിക്രി, സ്പോട്ട് കൊറിയോ, ക്വിസ്, നാടന്‍ പാട്ട്, ഗാനമേള, പരിചമുട്ട്, മൈം, തെരുവു നാടകം, ഫോട്ടോഗ്രാഫി, തുടങ്ങിയ മത്സരങ്ങളും അരങ്ങേറും.
നാലിന് വിളംബര ഘോഷയാത്രയുടെയും മത്സരങ്ങളുടെയും ഒരുക്കങ്ങള്‍ സമാപന ഘട്ടത്തില്‍ എത്തി. ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിക്കുന്ന റാലി ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഫ്ളാഗ് ഓഫ് ചെയ്യും. ജോയി വെട്ടിക്കുഴി സന്ദേശം നല്‍കും.
റാലിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കട്ടപ്പന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആളുകളെ ഇറക്കിയശേഷം ഓസാനം സ്കൂള്‍ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
4.30ന് വെള്ളയാംകുടിയില്‍ ക്രമീകരിച്ചിരിക്കുന്ന പ്രധാന വേദിയില്‍ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടില്‍ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം കെസിബിസി യുവജന കമ്മീഷന് ചെയര്മാന് മാര്‍ ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാരിക്കും.
കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നടുപ്പടവില്‍, ഇടുക്കി രൂപത പ്രസിഡന്റ് അലക്സ് തോമസ്, വെള്ളയാംകുടി ഇടവക വികാരി ഫാ. തോമസ് മണിയാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് പൊന്നന് പെരിങ്ങോടന് ടീമിന്റെ താളവിസ്മയം ഫ്യൂഷന്‍ അരങ്ങേറുമെന്ന് കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് അലക്സ് തോമസ്, രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നടുപ്പടവില്‍, ഫാ. സാവിയോ കാട്ടുപാലം, ജനറല്‍ സെക്രട്ടറി ആല്‍ബര്‍ട്ട് റെജി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് കോയിക്കല്‍, സെക്രട്ടറി അമല്‍ ജിജു, ഐബി തോമസ്, ജോയ്സ് ഇമ്മാനുവല്‍ എന്നിവര്‍ അറിയിച്ചു.