പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം
Saturday, May 22, 2021 10:57 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ​തോ​റും രൂ​പീ​ക​രി​ച്ച വാ​ർ റൂം, ​കോ​ർ ടീം, ​ക്ല​സ്റ്റ​ർ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ൽ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​റൂം, ഹെ​ൽ​പ് ഡ​സ്ക്ക്, ക്ല​സ്റ്റ​ർ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം​ന​ൽ​കി. ഇ​തി​നാ​യു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കി.

കോ​ർ ടീം ​രൂ​പീ​ക​രി​ക്കു​ക. വാ​ർ റൂ​മി​നാ​യു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക, വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക. ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ക്കു​ക എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ, അ​സി. ഡ​യ​റ​ക്ട​ർ​മാ​ർ, പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രോ​ട് നി​ർ​ദേ​ശി​ച്ച​ത്. ഓ​രോ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ർ ടീം, ​നോ​ഡ​ൽ ഓ​ഫീ​സ​ർ, ഹെ​ൽ​പ് ഡ​സ്ക്ക്, വാ​ർ​ഡ്ത​ല സ​മി​തി, ആ​ർ​ആ​ർ​ടി എ​ന്നി​വ​യു​ടെ യോ​ഗം എ​ല്ലാ​ദി​വ​സ​വും ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന് വി​ല​യി​രു​ത്ത​ൽ ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

കോ​ർ ടീം

​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍, സെ​ക്ര​ട്ട​റി, നോ​ഡ​ൽ ഓ​ഫീ​സ​ർ, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രാ​ണ് കോ​ർ ടീ​മി​ലു​ൾ​പ്പെ​ടു​ന്ന​ത്. ഇ​വ​ർ പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ദി​വ​സ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​സൂ​ത്ര​ണം ന​ട​ത്ത​ണം.

വാ​ർ റൂം

​പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്, ഹെ​ഡ് ക്ലാ​ർ​ക്ക് എ​ന്നി​വ​രി​ൽ ഒ​രാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വാ​ർ റൂം. ​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഗ​താ​ഗ​തം, ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ൽ, ഹെ​ൽ​പ് ഡ​സ്ക്ക് ന​ട​ത്തി​പ്പ്, ബോ​ധ​വ​ത്ക​ര​ണം, വാ​ർ​ഡു​ത​ല സ​മി​തി റി​പ്പോ​ർ​ട്ടിം​ഗ് അ​വ​ലോ​ക​നം, കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ൽ അ​പ്ഡേ​ഷ​ൻ. സി​എ​ഫ്എ​ൽ​ടി​സി, സി​എ​സ്എ​ൽ​ടി​സി, ഡി​സി​സി​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യാ​ണ് ചു​മ​ത​ല​ക​ൾ.

ഹെ​ൽ​പ് ഡ​സ്ക്

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഹെ​ൽ​പ് ഡ​സ്ക്ക്. റി​ട്ട. ഡോ​ക്ട​ർ​മാ​ർ, സ്റ്റാ​ഫ് ന​ഴ്സ്, ആ​രോ​ഗ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, സി​ഡി​എ​സ്, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ൾ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​പ്പെ​ടു​ന്ന ടീം ​രൂ​പീ​ക​രി​ക്ക​ണം.

വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ, ആ​ശ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ജ​ന​മൈ​ത്രി പോ​ലീ​സ്, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, സ​ന്ന​ദ്ധ സേ​നാ​പ്ര​വ​ർ​ത്ത​ക​ർ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണം.

ക്ല​സ്റ്റ​ർ സം​വി​ധാ​നം

ഓ​രോ വാ​ർ​ഡു​ക​ളി​ലും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് 20 മു​ത​ൽ 60 വ​രെ വീ​ടു​ക​ളു​ള്ള ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ക്ക​ണം. ഓ​രോ ക്ല​സ്റ്റ​റി​നും അ​ഞ്ച് ആ​ർ​ആ​ർ​ടി​മാ​രും ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റും ഉ​ണ്ടാ​വ​ണം. കൂ​ടാ​തെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പും രൂ​പീ​ക​രി​ക്ക​ണം.