ചെറുതോണി: ഇടവകകൾ, സന്യാസമൂഹങ്ങൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ എന്നിവവഴി ഇടുക്കി രൂപതയിൽ നടത്തിവന്നിരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം ’നിങ്ങളോടൊപ്പം’ എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ ഏകോപിപ്പിക്കുന്നു. വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും പ്രത്യേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ രൂപതയിൽ നടത്തുന്നുണ്ടെങ്കിലും ഇവ ഏകോപിപ്പിച്ചാൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുറേക്കൂടി മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന നിലയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയിൽ വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നടത്തിയ മീറ്റിംഗിലാണ് ഇപ്രകാരമുള്ള അഭിപ്രായ സമന്വയം ഉണ്ടായത്. രൂപതയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അന്‍പതോളം പേരാണ് പ്ലാറ്റ്ഫോമിൽ സമ്മേളിച്ചത്. രൂപത, ഫൊറോന, ഇടവക എന്നീ മൂന്നു തലങ്ങളിലായിട്ടാണ് ഏകോപനം നടക്കുക. രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ രക്ഷാധികാരിയും മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ്, ഫാ. മാത്യു തടത്തിൽ, ഫാ. മാത്യു ഞവരക്കാട്ട്, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ. ജെയിംസ് മാക്കിയിൽ, ബിനോയ് മഠത്തിൽ, ടോമി കണ്ടത്തിൽ, ഡോ. സിസ്റ്റർ സുഗുണ എഫ്സിസി, സിസ്റ്റർ ലിൻസി സിഎസ്എൻ, സിസ്റ്റർ ഷാന്റി ക്ലെയർ എഫ്സിസി എന്നിവർ അംഗങ്ങളുമായ സെൻട്രൽ കമ്മിറ്റിയാണ് രൂപതാതലത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സിസ്റ്റർ ചൈതന്യ സിഎംസി, ഡോ. സിസ്റ്റർ ടെസ്ലിൻ എസ്എച്ച്, സിസ്റ്റർ ബീന ചേറ്റാനിയിൽ എസ്എബിഎസ് എന്നിവരുടെ നേതൃത്വത്തിൽ 24 പേരടങ്ങുന്ന ടീം ടെലി കൗണ്‍സിലിംഗിന് സജ്ജമായിട്ടുണ്ട്. ഒറ്റപ്പെടലിന്റെ മാനസിക സംഘർഷത്തിൽപെട്ടവർക്ക് ഇവരുടെ സേവനം സാന്ത്വനമാകും.
സ്ഥിതിവിവര കണക്കുകൾ ഫാ. തോമസ് വടക്കേ ഈന്തോട്ടത്തിൽ, ഫാ. അനൂപ് മഠത്തിശേരിൽ, ടോമിൻ അഗസ്റ്റിൻ എന്നിവർ ശേഖരിക്കും. ഭക്ഷണ കിറ്റ്, ഹെൽത്ത് കിറ്റ് എന്നിവയുടെ ശേഖരണവും വിതരണവും എച്ച്ഡിഎസ്, ജീവൻ ടീ, യൂത്ത് അപ്പസ്തൊലേറ്റ് എന്നീ പ്രസ്ഥാനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ആംബുലൻസ് സർവീസ് കെസിവൈഎമ്മും ടെലി മെഡിസിൻ ജ്യോതിസ് മെഡിക്കൽസും മൃതസംസ്കാര ശുശ്രൂഷകൾ കോവിഡ് റാപ്പിഡ് ആക്ഷൻ ഫോഴ്സും കൈകാര്യംചെയ്യും.
ഇടുക്കി രൂപതയിലെ 13 ഫൊറോനകളിലെയും പ്രവർത്തനങ്ങൾക്ക് ഫൊറോന വികാരിമാരും സന്ന്യാസ സഭാസമൂഹങ്ങളുടെ മേലധികാരികളും ഉൾപ്പെടുന്ന ഫൊറോനാ ടീം നേതൃത്വം നൽകും. പദ്ധതിയുടെ പ്രയോജനം ജനങ്ങളിലെത്തിക്കുന്നത് 10 പേരടങ്ങിയ ഇടവക ടീമാണ്. അതത് ഇടവകയിലെ കോവിഡ് ബാധിതരെകുറിച്ചുള്ള വിവരശേഖരണവും അവർക്ക് ആവശ്യമായ സഹായമെത്തിക്കലും ഈ ടീമിന്റെ ഉത്തരവാദിത്വത്തിലാണ്.
ഇടുക്കി രൂപതയിലെ 105 ഇടവകകൾക്കും 52 സ്റ്റേഷൻ പള്ളികൾക്കുമാണ് ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കുക. രൂപതാതിർത്തിക്കുള്ളിലെ നാനാജാതി മതസ്ഥരും ഇതിന്റെ ഗുണഭോക്താക്കളായിരിക്കുമെന്നും രൂപതാധികാരികൾ അറിയിച്ചു.