തൊടുപുഴ: ജില്ലയിൽ ഇന്നലെ 10217 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. 63 കേന്ദ്രങ്ങൾ വഴി വാക്സിൻ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ ചില കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമായില്ല. 47 കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്സിൻ വിതരണം ചെയ്തത്. ഇന്ന് 9000 പേർക്കു കൂടി വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ തലത്തിലുള്ള 31 സെന്ററുകളിൽ മാത്രമാണ് ഇന്ന് വാക്സിനേഷൻ നടക്കുന്നത്.
ഇന്ന് ജില്ലയിലേക്ക് 15000 ഡോസ് കോവി ഷീൽഡ് വാക്സിൻ കൂടി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംഘടിപ്പിക്കുന്ന വാക്സിനേഷൻ ക്യാന്പുകളിലും വാക്സിൻ നൽകും. ലഭ്യതയനുസരിച്ച് എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ എത്തിക്കുമെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. സുരേഷ് വർഗീസ് പറഞ്ഞു. ഈയാഴ്ച വാക്സിൻ ക്ഷാമമുണ്ടാകാനിടയില്ലെന്നാണ് കരുതുന്നത്.
ഇന്നലെ രാവിലെ മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ മുൻകൂട്ടി അറിയിച്ചെത്തിയവർക്കും രണ്ടാംഘട്ടം വാക്സിനേഷൻ എടുക്കാനെത്തിയവർക്കും പല സ്ഥലത്തും വാക്സിൻ ലഭിച്ചില്ലെന്ന് പരാതിയുയർന്നു. രാവിലെ തന്നെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയവർക്ക് ടോക്കണ് നൽകിയതോടെയാണ് പല സ്ഥലത്തും സ്റ്റോക്ക് തീർന്നത്. നിലവിൽ 10000 ഡോസ് വാക്സിൻ സ്റ്റോക്കുണ്ടായിരുന്നു. വാക്സിനേഷൻ ആരംഭിച്ച ജനുവരി 16 മുതൽ കഴിഞ്ഞ 21 വരെ 1,83,660 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. 1,77,431 ഡോസ് കോവിഷീൽഡും 6229 കോവാക്സിനുമാണ് നൽകിയത്.
ഇന്നത്തെ വാക്സിനേഷൻ കേന്ദ്രങ്ങൾ
കുമളി, രാജാക്കാട്, മറയൂർ, കരിങ്കുന്നം, കരിമണ്ണൂർ, കാഞ്ചിയാർ, ഉടുന്പൻചോല, പെരുവന്താനം, വാത്തിക്കുടി, വണ്ടിപ്പെരിയാർ, രാജകുമാരി, ശാന്തൻപാറ, കൊന്നത്തടി, കാമാക്ഷി, മരിയാപുരം, കെ.പി.കോളനി, അയ്യപ്പൻകോവിൽ, ചെന്പകപ്പാറ കുടുംബാരോഗ്യകേന്ദ്രങ്ങൾ, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം താലൂക്ക് ആശുപത്രികൾ, ദേവികുളം, പുറപ്പുഴ.
ചിത്തിരപുരം സാമൂഹ്യകേന്ദ്രങ്ങൾ, അറക്കുളം, ചക്കുപള്ളം , വാഴത്തോപ്പ് പിഎച്ചസികൾ, തൊടുപുഴ, ഇടുക്കി ജില്ലാ ആശുപത്രികൾ, വണ്ണപ്പുറം, കരുണാപുരം ക്യാന്പുകൾ