നെടുങ്കണ്ടം: ഏലം കുത്തകപ്പാട്ട ഭൂമിയിൽ സാന്പിൾ പ്ലോട്ട് സർവെ നടത്താനുള്ള വനം വകുപ്പിന്റെ നടപടിക്കെതിരെ ഉടുന്പൻചോല താലൂക്കിലെ പതിനായിരം കർഷകരുടെ ഒപ്പുകൾ ശേഖരിച്ച് അധികാരികൾക്കു നൽകാൻ സിഎച്ച്ആർ മേഖലയിലെ കർഷകരുടെ യോഗം തീരുമാനിച്ചു. ഒപ്പുശേഖരണത്തിനായി പഞ്ചായത്തുതലത്തിൽ കർഷകരുടെ യോഗം വിളിച്ചുചേർക്കും. രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, ഉടുന്പൻചോല, നെടുങ്കണ്ടം, പാന്പാടുംപാറ, കരുണാപുരം, വണ്ടൻമേട്്, ഇരട്ടയാർ എന്നിവിടങ്ങളിലാണ് കർഷകരുടെ യോഗം ചേരുന്നത്. വിവിധ പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന ഒപ്പുകൾ ഗവർണർ, മുഖ്യമന്ത്രി, വനം മന്ത്രി എന്നിവർക്ക് നേരിട്ട് നൽകാനും യോഗം തീരുമാനിച്ചു. മേഖലയിൽ എവിടെയെങ്കിലും സർവേ നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയാൽ ശക്തമായ ചെറുത്തുനിൽപ് ഉണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മുന്നറിയിപ്പു നൽകി. യോഗത്തിൽ ജോയി ഉലഹന്നാൻ, എം.എൻ. ഗോപി, സേനാപതി വേണു, സി.എസ്. യശോധരൻ, ടോമി ജോസഫ്, എം.എസ്. മഹേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.