കാടുകയറി, തകർന്നടിഞ്ഞ് നടപ്പാത; അധികൃതർക്കു മൗനം
1577161
Saturday, July 19, 2025 7:18 AM IST
കറുകച്ചാൽ: നടപ്പാത ഉണ്ട്... പക്ഷേ, കാൽനട യാത്രികർ സൂക്ഷിക്കുക. ഇതുവഴി പോകരുത്..! കാരണം ഇളകിയ തറയോടുകളിൽ തട്ടി വീണേക്കാം. അല്ലെങ്കിൽ നടപ്പാതയിൽ വളർന്ന കുറ്റിക്കാട്ടിനുള്ളിൽ നിന്നും ഇഴജന്തുക്കൾ ഇറങ്ങിവന്ന് നിങ്ങളെ ഉപദ്രവിച്ചേക്കാം.
ഇത് കറുകച്ചാൽ ടൗണിലെ നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർക്കുള്ള മുന്നറിയിപ്പാണ്. ടൗണിൽ മണിമല, മല്ലപ്പള്ളി, ചങ്ങനാശേരി, വാഴൂർ ഭാഗങ്ങളിലേക്കുള്ള റോഡുകളിലെല്ലാം നടപ്പാതകൾ നിർമിച്ചിട്ടുണ്ട്. എന്നാൽ, വാഴൂർ റോഡിലെ ഉപയോഗിക്കാത്ത ടാക്സി സ്റ്റാൻഡ് ഭാഗം മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ നടപ്പാത ഭൂരിഭാഗവും തകർന്നു. ചിലയിടങ്ങളിൽ ചെറിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ശേഷിച്ച ഭാഗങ്ങളിൽ പാഴ്ച്ചെടികൾ വളർന്ന് കുറ്റിക്കാടുകളായെങ്കിലും അധികൃതർ അറിഞ്ഞമട്ടില്ല.
ലക്ഷങ്ങൾ മുടക്കി തറയോടു പാകി മനോഹരമാക്കിയ ടൗണിലെ നടപ്പാതകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് പലയിടങ്ങളിലും തറയോടുകൾ തകർന്നു വഴിനടപ്പ് അസാധ്യമായത്. ചങ്ങനാശേരി റോഡിൽ എസ്ബിഐ മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെ ഇരുഭാഗത്തും കുറ്റിക്കാടുകളാണ്. നടപ്പാതകൾ സഞ്ചാരയോഗ്യമല്ലാത്തതിനാൽ തിരക്കേറിയ റോഡിലൂടെയാണ് വിദ്യാർഥികളടക്കമുള്ള യാത്രക്കാർ നടക്കുന്നത്.
ടൗണിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഏറെ തിരക്കുള്ള ഇവിടെ റോഡിലൂടെ കാൽനടയാത്രക്കാർ സഞ്ചരിക്കുന്നതിനാൽ വാഹനഗതാഗതവും തടസപ്പെടുന്നു. കുറ്റിക്കാടുകൾ നീക്കം ചെയ്തു നടപ്പാത പുനരുദ്ധരിച്ചു കാൽനട യാത്രികരുടെയും വാഹനങ്ങളുടെയും സഞ്ചാരം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.