ലോക സര്‍വകലാശാല ഗെയിംസ്: അസംപ്ഷന്റെ താരങ്ങള്‍ ജര്‍മനിയില്‍
1577160
Saturday, July 19, 2025 7:18 AM IST
ചങ്ങനാശേരി: ലോക സര്‍വകലാശാല ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അസംപ്ഷന്റെ നാല് താരങ്ങള്‍ ജര്‍മനിയിലെത്തി. 27 വരെയാണ് ലോക സര്‍വകലാശാല ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്.
അസംപ്ഷന്‍ കോളജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനികളായ സാന്ദ്ര ഫ്രാന്‍സിസ്, അക്ഷയ ഫിലിപ്പ് എന്നിവര്‍ ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ടീമില്‍ അംഗങ്ങളാണ്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലനായ ജോബിന് വര്‍ഗീസാണ് ഇരുവരുടെയും പരിശീലകന്.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ പവിത്രയും പി. അനാമികയും ആണ് ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ കളിക്കുന്ന അസംപ്ഷന്‍ താരങ്ങള്‍. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനായ നവാസ് വഹാബിന്റെ ശിഷ്യരാണിവര്‍.
കോഴിക്കോട് എന്‍ഐടി വെള്ളലശേരി ചക്കിട്ടാംപറമ്പില്‍ രജീഷിന്റെയും അനിതയുടെയും മകളാണ് പവിത്ര. തലശേരി ന്യൂ മാഹി സ്വദേശി അനാമിക പള്ളിയത്ത് അനീഷിന്റെയും പ്രസന്നയുടെയും മകളാണ്. ബാസ്കറ്റ്ബോള്‍ താരങ്ങളായ സാന്ദ്ര ഫ്രാന്‍സിസ് കണ്ണൂര്‍ കേളകം സ്വദേശി വള്ളിപ്പറമ്പ് വീട്ടില്‍ ഫ്രാന്‍സിസിന്റെയും ജോളി തോമസിന്റെ മകളാണ്.
അക്ഷയ ഫിലിപ്പും കണ്ണൂര്‍ സ്വദേശിനിയാണ്. കുടിയാന്മല പുതുശേരിയില്‍ ഫിലിപ്പിന്റെയും ജെയ്നമ്മ ഫിലിപ്പിന്റെയും മകളാണ് അക്ഷയ. അസംപ്ഷന്‍ കോളജില്‍നിന്ന് ആദ്യമായാണ് ഒരു അന്തര്‍ദേശീയ മത്സരത്തില്‍ നാലു പേര് ഒരുമിച്ച് പങ്കെടുക്കുന്നത്.