ഒരു മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് തകര്‍ന്നു
1577150
Saturday, July 19, 2025 7:04 AM IST
പെരുവ: ഒരു മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടു. മുളക്കുളം പഞ്ചായത്തിലെ കുറുവേലി-മാവളത്തുകുഴി റോഡിലാണ് കുഴികള്‍ രൂപപെട്ടത്. സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. നിര്‍മാണസമയത്തുതന്നെ ടാറിംഗിലെ അപാകത നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതാണെന്ന് പറയുന്നു.
റോഡ് തകര്‍ന്ന വിവരം പലതവണ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ മാവളത്തുകുഴി-വേലിയാങ്കരവരെ കോണ്‍ക്രീറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഇരുവശവും രണ്ടടിയോളം താഴ്ചയാണ്. ഇതുമൂലം എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കട്ടിംഗിലേക്ക് ഇറങ്ങി അപകടം പതിവാണ്.
ഇരുചക്ര വാഹനങ്ങള്‍ ഇറങ്ങുമ്പോള്‍ യാത്രക്കാര്‍ ഉള്‍പ്പെടെ മറിഞ്ഞുവീണ് അപകടം പതിവാണ്. ഇവിടെനിന്നു മാറ്റിയ പഴയ കോണ്‍ക്രീറ്റ് വേസ്റ്റുകള്‍ കോണ്ട്രാക്ടര് കൊണ്ടുപോയതായി പറയുന്നു. ഇവിടെനിന്നു മാറ്റിയ വേസ്റ്റുകള്‍ കട്ടിംഗില്‍ ഇടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.