പെരുവയിലെ വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍
1577147
Saturday, July 19, 2025 7:04 AM IST
പെരുവ: പെരുവയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഒരു ഹോട്ടല്‍ അടപ്പിച്ചു. മീന്‍കട, ആക്രിക്കട തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് സ്റ്റാളിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി. കൂടാതെ കഷണങ്ങളായി മുറിച്ചുവച്ചിരിക്കുന്ന മീനുകള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലിനജലം ഒഴുക്കുന്നതിനും മീന്‍ വൃത്തിയാക്കി കൊടുക്കുന്നതിന്റെ മാലിന്യങ്ങള്‍ ഏങ്ങനെയാണ് സംസ്കരിക്കുന്നതെന്നുള്ളതിനും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന മീന്‍കടകളില്‍ അവര്‍ക്ക് ആരോഗ്യ കര്ഡില്ലെന്നും കണ്ടെത്തി.
ആക്രിക്കടകളിലെ പരിശോധനയില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ആക്രി സാധനങ്ങളില്‍ വെള്ളം കെട്ടി നില്ക്കുന്നതുമൂലം കൂത്താടികള്‍ ഉണ്ടാകുന്നെന്നു കണ്ടെത്തിയതോടെ ഇവര്‍ക്ക് നോട്ടീസ് നല്കി. കണ്ടെത്തിയ ക്രമക്കേടുകള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരിഹരിക്കാന്‍ സമയം നല്‍കിയതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീലത പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കൊപ്പം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജു, വസീം, ഹൈല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്.രാജേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പുകയില നിരോധന നിയമപ്രകാരം പുകയിലരഹിത മേഖല ബോര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങളില്‍നിന്നു പിഴ ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിലും രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലും പ്രവര്‍ത്തിച്ച വെള്ളൂര്‍ പോലീസ് സ്റ്റേഷന് പടിക്കലുള്ള ഹോട്ടല്‍ അടപ്പിച്ചു.