വയോധികൻ കിണറിൽ കുടുങ്ങി
1561080
Tuesday, May 20, 2025 6:15 AM IST
കോട്ടയം: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ വയോധികൻ കിണറിൽ കുടുങ്ങി. വടവാതൂർ ഇഎസ്ഐക്കു സമീപം ലക്ഷ്മി ഭവനിൽ ബാലൻ (75) ആണ് കിണറിൽ കുടുങ്ങിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. 35 അടി താഴ്ചയും 15 അടിയോളം വെള്ളവും ഉള്ള കിണറ്റിലാണ് ബാലൻ ഇറങ്ങിയത്.
എന്നാൽ പൂച്ചയുമായി തിരികെ കയറാൻ ശ്രമിച്ചപ്പോൾ കഴിയാതെ വരികയായിരുന്നു. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സേനാംഗങ്ങളായ പ്രവീൺ രാജൻ, ആർ. സജു, നിജിൽ കുമാർ, അരുൺ, ഗീതുമോൾ, സ്വാഗത് എന്നിവർ സ്ഥലത്തെത്തി നെറ്റ് ഇറക്കി നൽകിയെങ്കിലും വയോധികന് നെറ്റിനുള്ളിൽ കയറാൻ കഴിഞ്ഞില്ല. തുടർന്ന് എസ്എഫ്ആർഒ പ്രവീൺ രാജൻ കിണറ്റിൽ ഇറങ്ങി ഇയാളെ നെറ്റിൽ കയറ്റി സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.