ഈരാറ്റുപേട്ട ടൗണിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കാരം വീണ്ടും പാളി
1560959
Tuesday, May 20, 2025 12:00 AM IST
ഈരാറ്റുപേട്ട: നഗരത്തിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കാരം വീണ്ടും ഗതാഗതക്കുരുക്കിനു കാരണമായി. വളരെക്കാലത്തെ പരിശ്രമത്തിനൊടുവിൽ നടപ്പിലാക്കിയ സമ്പൂർണ ട്രാഫിക് പരിഷ്കാരത്തിനു പോലീസിന്റെ സേവനം വേണ്ടവിധം കിട്ടുന്നില്ലന്ന പരാതിയും ശക്തമാണ്.
പരിഷ്കാരത്തിന്റെ തുടക്കത്തിൽ ട്രാഫിക് നിയന്ത്രിക്കാനും നിയമലംഘകരെ കൈകാര്യം ചെയ്യാനും സജീവമായി ഉണ്ടായിരുന്ന പോലീസും ഹോം ഗാർഡും പിന്നീട് രംഗത്തില്ലാതായി. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയിരുന്ന അഹമ്മദ് കുരിക്കൽ നഗറിൽ നടപ്പാക്കിയ മാറ്റം ടൗണിലെ പകുതി കുരുക്ക് അഴിച്ചിരുന്നു.
ഇതു നിയന്ത്രിച്ചിരുന്നതു പോലീസായിരുന്നു. അനധികൃതമായി കറങ്ങിക്കൊണ്ടിരുന്ന ഓട്ടോയെ നിയന്ത്രിച്ചതും അധികസമയം ബസുകളെ സ്റ്റോപ്പിൽ കിടക്കാൻ അനുവദിക്കാതിരുന്നതുമാണ് ഗതാഗതക്കുരുക്കിൽനിന്നു ടൗണിലെ രക്ഷപ്പെടുത്തിയത്. പിന്നീടതു കൃത്യമായി പോലീസ് ശ്രദ്ധിക്കാത്തതിനാൽ വീണ്ടും ടൗൺ പലപ്പോഴും ഗതാഗതക്കുരുക്കിലാകുന്ന സ്ഥിതിയാണ്.
വൺവേ തെറ്റിക്കുന്നവരെ നിരീക്ഷിക്കാൻ കാമറ സ്ഥാപിക്കുകയും ചെയ്തതാണ്. എന്നാൽ കാമറ നിരീക്ഷിക്കാനോ നിയമം തെറ്റിക്കുന്നവർക്കു പിഴ നൽകാനോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഈരാറ്റുപേട്ടയിൽ ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിക്കണമെന്നതു വർഷങ്ങൾ പഴക്കമുള്ള ആവശ്യമാണ്. ഈ ആവശ്യത്തോടും അധികൃതർ പുറംതിരിഞ്ഞു നിൽക്കുകയാണ്. ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിച്ചാൽ ടൗണിലെ ഗതാഗതപ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.