സൈബര്‍ തട്ടിപ്പിനെതിരേ അധ്യാപക റിസോഴ്സ് ടീം : സൈബര്‍ വോളന്റിയറാകാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കണം: ജില്ലാ പോലീസ് മേധാവി
1483377
Saturday, November 30, 2024 7:01 AM IST
ചങ്ങനാശേരി: വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരേ സാമൂഹ്യാവബോധം വളര്‍ത്താന്‍ സ്കൂള്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. റേഡിയോ മീഡിയാ വില്ലേജിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റും കോട്ടയം ജില്ലാ പോലീസും സംയുക്തമായി സംഘടിപ്പിച്ച അധ്യാപക റിസോഴ്സ് ടീം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
മൊബൈല്‍ സാങ്കേതികതയെക്കുറിച്ച് ശരിയായ അവബോധം കുട്ടികളിലൂടെ രക്ഷകര്‍ത്താക്കളിലേക്ക് എത്തിച്ച് സൈബര്‍ തട്ടിപ്പുകളില്‍നിന്ന് ജാഗ്രത പാലിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ അധ്യക്ഷനായിരുന്നു. മീഡിയാ വില്ലേജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ ഫാ. ക്രിസ്റ്റോ നേര്യംപറമ്പില്‍, എസ് ജെസിസി പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍, കെ. വിപിന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന സെമിനാറിനു സൈബര്‍ പോലീസ് വിഭാഗത്തിലെ സി.എസ്. അരുണ്‍കുമാര്‍, സജിത് എന്നിവര്‍ നേതൃത്വം നല്കി. അഞ്ചു ജില്ലകളിലെ 64 കോര്‍പറേറ്റ് മാനേജുമെന്റ് സ്കൂളുകളില്‍നിന്നായി 84 അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
ഇവർവഴി തെരഞ്ഞെടുക്കപ്പെടുന്ന സ്കൂള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയാണ് കുട്ടികളുടെ സൈബര്‍ വോളന്റിയേഴ്സിനെ കണ്ടെത്തുന്നതെന്ന് ഫാ. ജോഫി പുതുപ്പറമ്പ് പറഞ്ഞു.