രാസലഹരി വിപത്തിനെതിരേ ജാഗ്രത വേണം: മന്ത്രി രാജേഷ്
1483102
Friday, November 29, 2024 8:07 AM IST
കങ്ങഴ: ലഹരി മാഫിയയെ നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി എക്സൈസ് വിമുക്തി മിഷന് നടപ്പാക്കുന്ന ഉണര്‍വ് പദ്ധതിയുടെ ഭാഗമായി കങ്ങഴ മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പണികഴിപ്പിച്ച ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനവും കായികോപകരണങ്ങളുടെ വിതരണവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനസ്കൂള്‍ കായികമേളയില്‍ വെയ്റ്റ് ലിഫ്റ്റിംഗില്‍ സ്വര്‍ണം നേടിയ ഷെറിന് പി. ബെന്നി അടക്കമുള്ള കായികപ്രതിഭകള്‍ക്ക് സ്കൂള്‍ മാനേജര്‍ ടി.എം. നസീര്‍ താഴത്തേടത്ത് ഉപഹാരം നല്കി. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്. ജയചന്ദ്രന്, എക്സൈസ് കമ്മീഷണര്‍ എഡിജിപി മഹിപാല്‍ യാദവ്, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംല ബീഗം, വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, അംഗങ്ങളായ വത്സലകുമാരി കുഞ്ഞമ്മ, എ.എച്ച്. ഷിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മനസോടിത്തിരി മണ്ണ് പദ്ധതിയിലുള്‍പ്പെടുത്തി ലൈഫ് ഭവന പദ്ധതിയിലേക്ക് 11 സെന്റ് സ്ഥലം കൈമാറുന്നതിനു പുതുപ്പറമ്പില്‍ മാമ്മന്‍ ജോസഫ്, ജോണ്‍ ജോസഫ് എന്നിവര്‍ നല്കിയ സമ്മതപത്രം മന്ത്രി എം.ബി. രാജേഷ് ഏറ്റുവാങ്ങി.