നെടുംകുന്നം പള്ളിയിൽ പുഴുക്കുനേർച്ചയ്ക്ക് പതിനായിരങ്ങൾ
1483101
Friday, November 29, 2024 8:07 AM IST
നെടുംകുന്നം: നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന നെടുംകുന്നം ഫൊറോനാ പള്ളിയിലെ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന പുഴുക്കുനേർച്ചയിൽ നാനാജാതി മതസ്ഥരായ ആയിരങ്ങൾ പങ്കുകൊണ്ട് സായുജ്യരായി.
അരലക്ഷത്തോളം വിശ്വാസികളാണ് നേർച്ചയിൽ പങ്കുചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിച്ചത്. തിരുനാൾ പ്രദക്ഷിണത്തിനു ശേഷം ഇടവക വികാരി ഫാ. വർഗീസ് കൈതപ്പറമ്പിൽ അനുഗ്രഹ പ്രാർഥനകൾ ചൊല്ലി നേർച്ചപ്പുഴുക്ക് ആശീർവദിച്ചു. തുടർന്ന് പള്ളിമണികളടിച്ചു. ആചാര കതിനവെടികൾ മുഴക്കി.
ഇതോടെ 650ൽ പരം വോളണ്ടിയർമാർ പള്ളിമുറ്റത്തും പരിസരങ്ങളിലുമായി നിരയായിരുന്ന പതിനായിരങ്ങൾക്ക് തേക്കിലയിൽ നേർച്ചപ്പുഴുക്ക് വിളമ്പി. അരലക്ഷത്തോളം വരുന്ന വിശ്വാസികൾ നേർച്ച ഏറ്റുവാങ്ങി സ്നാപക യോഹന്നാനിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു. ഡിസംബർ ഒന്നിന് കൊടിയിറക്കു തിരുനാൾ ആഘോഷിക്കും.