കുറിച്ചി ആശുപത്രിയില്‍ കിടത്തിചികിത്സ വേണം; മന്ത്രിക്ക് ഭീമഹര്‍ജി നല്കി
1483100
Friday, November 29, 2024 8:07 AM IST
ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി നടത്തിവരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 10,355 പേര് ഒപ്പിട്ട ഭീമഹര്‍ജി മന്ത്രി വീണാ ജോര്‍ജിന് സമര്‍പ്പിച്ചു. സെക്രട്ടേറിയറ്റ് അനക്സില്‍ മന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആശുപത്രി സംരക്ഷണസമിതി ചെയര്മാന് ഡോ. ബിനു സചിവോത്തമപുരം, കണ്‍വീനര്‍ എന്‍.കെ. ബിജു, പ്രസന്നന് ഇത്തിത്താനം, പി.പി. മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.
കിടത്തിചികിത്സയും ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സേവനവും പുനഃസ്ഥാപിക്കണമെന്നും സാമൂഹ്യാരോഗ്യ കേന്ദ്രമെന്ന നിലയില്‍ ഏഴ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ നിയമനം സാധ്യമാക്കണമെന്നും പൊളിച്ചുമാറ്റിയ വാര്‍ഡ് കെട്ടിടം പുനര്‍നിര്‍മിക്കണമെന്നും സമിതി നേതാക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
നിര്‍മാണത്തിലിരിക്കുന്ന പകര്‍ച്ചവ്യാധി ചികിത്സാകേന്ദ്രത്തിന്റെ പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അവിടെ കിടത്തി ചികിത്സ ആരംഭിക്കണമെന്നും ഇവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയില്‍ ഏറ്റവുമധികം നിര്‍ധനരും പട്ടികജാതി/പിന്നാക്ക ജനവിഭാഗത്തില്‍പ്പെട്ടവരും 23 കോളനികളിലായി തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കുറിച്ചിയെന്നും അവരുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ഈ ആശുപത്രിയെന്നുമുള്ള കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് സമിതി നേതാക്കള്‍ പറഞ്ഞു.
വിഷയം ശ്രദ്ധയിലുണ്ടെന്നും ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ആശുപത്രി സംരക്ഷണ സമിതി അംഗങ്ങളോട് മന്ത്രി പറഞ്ഞു.