കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു
1483092
Friday, November 29, 2024 8:00 AM IST
കോട്ടയം: കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു. കോട്ടയം ജില്ലയിൽ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേയാണ് കോഴായിൽ എംസി റോഡരികിലുള്ള ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തോടു ചേർന്ന് ബ്ളോക്ക് പഞ്ചായത്തുവക സ്ഥലത്ത് കെ.എം. മാണി തണൽ വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ തുടങ്ങുന്നത്.
ഡിസംബർ അവസാനത്തോടെ കുടുംബശ്രീ പ്രീമിയം കഫേയുടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനു സജ്ജമാക്കാനാണ് നീക്കം.
അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്കരണം, പാഴ്സൽ സർവീസ്, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ശൗചാലയങ്ങൾ, പാർക്കിംഗ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ റെസ്റ്ററന്റുകൾക്കു തുല്യമായ സൗകര്യങ്ങളൊരുക്കിയാണ് കുടുംബശ്രീ പ്രീമിയം കഫേകൾ പ്രവർത്തിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തുമായി ചേർന്നാണ് കെ.എം. മാണി തണൽ വിശ്രമകേന്ദ്രം പൂർത്തിയാക്കുന്നത്. കുടുംബശ്രീ കഫേയ്ക്കു പുറമേ കോൺഫറൻസ് ഹാൾ, ഷീ ലോഡ്ജ് എന്നിവയും തണൽ വിശ്രമകേന്ദ്രത്തിന്റെ ഭാഗമാകും.
കുടുംബശ്രീ പ്രീമിയം കഫേ നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ ആലോചനായോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, പി.എസ്. പുഷ്പമണി,
രാധാ വി. നായർ, പി.എം. മാത്യു, മഞ്ജു സുജിത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എസ്. ഷിനോ, അഭിലാഷ് ദിവാകർ എന്നിവർ പങ്കെടുത്തു.