അധികൃതർ മറന്നു ...മണ്ഡലകാലമെത്തിയിട്ടും യാത്ര സുഗമമാകാതെ ദേശീയപാത
1483086
Friday, November 29, 2024 8:00 AM IST
പാമ്പാടി: മണ്ഡലകാലമെത്തിയിട്ടും ശബരിമല തീര്‍ഥാടകരുടെയും നാട്ടുകാരുടെയും ദേശീയപാത 183ലൂടെയുള്ള സഞ്ചാരം ബുദ്ധിമുട്ടായി തുടരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കണ്ണു തുറക്കാതെ അധികൃതര്‍. കഴിഞ്ഞദിവസം ഉച്ചയോടെ ചേന്നംപള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ടോറസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. അതിനു മുന്‍പ് പതിനാലാം മൈലിലും അപകടം ഉണ്ടായി. മറ്റ് അപകടങ്ങൾ വേറെയും.
മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാവർഷവും നടത്തുന്ന അറ്റകുറ്റപ്പണികളൊന്നും ദേശീയ പാതയിൽ ഇത്തവണ നടന്നിട്ടില്ല. ടാറിംഗിനോട് ചേർന്ന മണ്ണൊലിച്ചു രൂപപ്പെട്ട വലിയ കട്ടിംഗുകളും ചെളിക്കുഴികളും അതേപടി തുടരുന്നു. മണര്‍കാട് മുതല്‍ കിഴക്കോട്ട് റോഡിനിരുവശവും കാടുമൂടി കിടക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്നു വാഹനവുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്കാണ് ഏറെ പ്രശ്നങ്ങള്‍.
ശബരിമലയിലേക്കുള്ള ദൂരവും ദിശയും കാണിക്കുന്ന സൂചനാ ബോര്‍ഡുകള്‍ നന്നേ കുറവാണ്. പലപ്പോഴും വാഹനങ്ങള്‍ നിര്‍ത്തി വഴിചോദിച്ചു പോകേണ്ട അവസ്ഥയാണുള്ളത്. വളവുകള്‍ ഉള്‍പ്പടെയുള്ള അപകടസാധ്യതാ മേഖലകളെ കാണിക്കുന്ന സൂചനാ ബോര്‍ഡുകളും പല സ്ഥലങ്ങളിലുമില്ല. ഉള്ളതാകട്ടെ കാടുമൂടിക്കിടക്കുന്നു. അപകടസാധ്യതയേറിയ പ്രദേശങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
ശബരിമല സീസണ് ആരംഭിച്ചതോടെ ഇതരസംസ്ഥാനത്തുനിന്നും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ ധാരാളമായി എത്തുന്നതിനാല്‍ ഈ പ്രധാന പാതയിൽ നല്ല തിരക്കാണ്. ദേശീയ പാതയിലെ പല ജംഗ്ഷനുകളിലും വാഹനങ്ങള്‍ കടന്നുപോകുന്നതിനു വലിയ ബുദ്ധിമുട്ടാണ്. കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയേറെയാണ്.
ഇത് മുന്‍കൂട്ടി കണ്ട് അധികൃതർ പരിഹാരം കാണണം. തുടരെത്തുടരെ വളവുകളുള്ള റോഡാണ് ദേശീയ പാത. ഇവിടങ്ങളിലെ പുരയിടങ്ങളില്‍ നില്ക്കുന്ന മര ശിഖരങ്ങള്‍ ഉള്‍പ്പെടെ വഴിയിലേക്കു വളര്ന്നുനിൽക്കുന്നു. വഴിയരികിലെ കാടും റോഡിലേക്കിറങ്ങി വളര്‍ന്നുകഴിഞ്ഞു. ഇത് വഴിയറിയാതെ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അടിയന്തരമായി ഈ കാടുകളും ശിഖരങ്ങളും വെട്ടിമാറ്റണം.
11-ാം മൈല്‍ മുതല്‍ 12-ാം മൈല്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ വശത്ത് വളരെ താഴ്ചയേറിയ ഭാഗങ്ങളുണ്ട്. ഈ പ്രദേശത്ത് സൂചനാബോര്‍ഡുകളോ ക്രാഷ് ബാരിയറുകളോ സ്ഥാപിക്കേണ്ടതാവശ്യമാണ്. നിരവധി അപകടങ്ങള്‍ നടക്കുന്ന പ്രദേശമാണിവിടം. നടപ്പാതകൾ കാടു മൂടിയതിനാല്‍ കാല്‍നടക്കാര്‍ റോഡിലൂടെ വേണം യാത്ര ചെയ്യാൻ.
ഏഴാം മൈല്‍, ചേന്നംപള്ളി, പന്ത്രണ്ടാം മൈല്‍ എന്നിവടങ്ങളിലാണു വലിയ തോതില്‍ കാട് പിടിച്ചിരിക്കുന്നത്. പലഭാഗത്തും വഴിവിളക്കുകളും തെളിയുന്നില്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ വിവിധ വകുപ്പുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.