പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു
1483003
Friday, November 29, 2024 6:36 AM IST
കൂരാലി: ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എലിക്കുളം പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച പറ്റിയെന്നാരോപിച്ച് ബിജെപി അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. അംഗങ്ങളായ എം.ആര്. സരീഷ്കുമാര്‍, നിര്‍മല ചന്ദ്രന് എന്നിവരാണ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ബഹിഷ്കരണം നടത്തിയത്.
അഞ്ചുലക്ഷം രൂപ ശബരിമല ഫണ്ട് പഞ്ചായത്തിനുണ്ടെങ്കിലും വര്‍ഷങ്ങളായി അത് ഫലപ്രദമായി വിനിയോഗിക്കുന്നില്ല. പാലാ - പൊന്‍കുന്നം റോഡില്‍ നാനൂറിലേറെ സൗരവഴിവിളക്കുകള് കേടാണ്. എലിക്കുളം പഞ്ചായത്ത് പരിധിയിലാണ് റോഡിന്റെ പത്തു കിലോമീറ്ററോളം ഭാഗം. ഇവിടെ മാത്രം 200 വഴിവിളക്കുകള്‍ തകരാറിലാണ്. രാത്രി വളിച്ചമില്ലാത്തതുമൂലം അപകടം പതിവാണ്.
പിപി റോഡ് ഹൈവേയായി നവീകരിച്ചതില്‍ പിന്നെ അറുപതിലേറെപ്പേര്‍ അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. ഇത്രയധികം അപകടസാധ്യതയുള്ള റോഡില്‍ വഴിവിളക്ക് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല.
സന്നദ്ധസംഘടനകള്‍ ഏര്‍പ്പെടുത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അയ്യപ്പന്മാര്ക്ക് തുണയാകുന്നത്. അയ്യപ്പന്മാര്ക്ക് വിശ്രമിക്കാനോ പ്രാഥമിക കൃത്യം നിര്‍വഹിക്കാനോ സൗകര്യമൊരുക്കിയില്ല. ഏഴാംമൈലില്‍ വഴിയോര വിശ്രമകേന്ദ്രം നിർമാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ നടപടിയെടുത്തില്ല, തുടങ്ങിയ ആരോപണങ്ങളും ബിജെപി അംഗങ്ങള്‍ ഉന്നയിച്ചു.