സ്നേഹം പകർന്ന് സ്പെഷൽ പോലീസ്
1482998
Friday, November 29, 2024 6:25 AM IST
എരുമേലി: കൊച്ചു മാളികപ്പുറത്തിന്റെ മുടി ചീകിയൊരുക്കിയും കാലുകള്‍ക്ക് സ്വാധീനമില്ലാത്ത സ്വാമിയെ എടുത്തു ക്ഷേത്രത്തിലും മസ്ജിദിലും ദര്‍ശനത്തിന് എത്തിച്ചും മാതൃകാ സേവനവുമായി സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അഭിനന്ദനങ്ങൾ അറിയിച്ചു ഹൈക്കോടതിയും.
എരുമേലി ടൗണില്‍ തീർഥാടകരുടെ തിരക്കിനിടയിലാണ് ഈ കരുതലിന്റെ കാഴ്ചകള്‍. കൊച്ചു മാളികപ്പുറത്തിന്റെ പിതാവിന്റെ ആവശ്യപ്രകാരം തലമുടി ചീകിക്കൊടുക്കുന്ന വനിത സ്പെഷല്‍ ഓഫീസറുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയ്ക്ക് ഹൈക്കോടതിയുടെ അഭിനന്ദനവും ലഭിച്ചു.
പിതാവിനൊപ്പം ശബരിമല യാത്രയ്ക്ക് എത്തിയതായിരുന്നു കൊച്ചുമാളികപ്പുറം. പേട്ടതുള്ളലിന് ശേഷം കുളികഴിഞ്ഞ് പോകുംവഴി കുട്ടിയുടെ മുടി ചീകി ഒരുക്കാന്‍ പിതാവിനായില്ല. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷല്‍ പോലീസായ സ്നേഹയോട് സഹായം ചോദിച്ചു. ഉടന്‍ തന്നെ സ്നേഹ മുടി ചീകി ഒരുക്കി നല്കി.
തമിഴ്നാട് സ്വദേശികളായിരുന്നു തീർഥാടകര്‍. എന്നാല്‍ വീഡിയോ പകര്‍ത്തിയത് ആരെന്ന് സ്നേഹയ്ക്ക് അറിയില്ല. തിരുവല്ല സ്വദേശിയായ സ്നേഹ ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷം ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ് കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് സ്പെഷല്‍ പോലീസായി എരുമേലിയിൽ ശബരിമല ഡ്യൂട്ടിക്കെത്തിയത്.
വൈറലായ മറ്റൊരു ചിത്രത്തില്‍ കാണുന്നത് എരുമേലി ടൗണില്‍ ഡ്യൂട്ടി ചെയ്യുന്ന ഗോകുല്‍ കൃഷ്ണ കാലുകള്‍ക്ക് സ്വാധീനക്കുറവുള്ള യുവാവിനെ എടുത്തുകൊണ്ട് നില്‍ക്കുന്നതാണ്. ഗോകുല്‍ കൃഷ്ണ തീർഥാടകനെ എടുത്തുകൊണ്ടുപോയി അമ്പലത്തിലും പള്ളിയിലും ദര്‍ശനം നടത്തുന്നതിന് സഹായിച്ചു.
ഇവരെപ്പോലെ വീട്ടമ്മമാരും എൻഎസ്എസ്, എൻസിസി വിദ്യാർഥികളുമൊക്കെ തീർഥാടനകാലത്തെ 60 ദിവസക്കാലം സ്പെഷൽ പോലീസ് ഓഫീസർമാരായി സേവനം ചെയ്യുന്നുണ്ട്. വാഹനങ്ങള്‍ നിയന്ത്രിക്കുകയും തീർഥാടകര്‍ക്ക് സുരക്ഷയൊരുക്കുകയുമാണ് ഇവരുടെ സേവനം.