മാലിന്യങ്ങൾ മാറ്റി; വനപാത വീണ്ടും ക്ലീൻ
1482997
Friday, November 29, 2024 6:25 AM IST
എരുമേലി: വനപാതയിലെ മാലിന്യങ്ങൾ മാറ്റി വിശുദ്ധിസേനാംഗങ്ങൾ ശുചീകരിച്ചു. വൃത്തിയാക്കിയ വനപാതയിൽ വീണ്ടും മാലിന്യങ്ങൾ നിറഞ്ഞത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെട്ടാണ് വൃത്തിയാക്കിയത്.
എരുമേലി - റാന്നി സംസ്ഥാന പാതയിലെ കരിമ്പിൻതോട് വനപാതയിൽ മണിമല - എരുമേലി പഞ്ചായത്തുകളുടെ അതിർത്തിഭാഗത്ത് മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ ഇടുന്നത് കുറ്റകരമാണെന്ന് കാട്ടി സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡിന്റെ മുന്നിലാണ് മാലിന്യങ്ങൾ കുമിഞ്ഞിരുന്നത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടർ ബിനു ജോൺ എരുമേലിയിൽ ശബരിമല തീർഥാടനകാല മാലിന്യ സംസ്കരണത്തിനായി പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം വിശുദ്ധി സേനാംഗങ്ങൾ ശുചീകരണം നടത്തി മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു.
ഇതിനോടകം പല തവണയായി വനപാതയിൽനിന്നും ടൺ കണക്കിന് മാലിന്യങ്ങൾ നീക്കിയതാണ്. എന്നാൽ, വീണ്ടും മാലിന്യങ്ങൾ നിറയുകയാണ്. വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകളുടെ പ്രവർത്തനം ഊർജിതമാക്കിയാൽ മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാൻ കഴിയും.
മനോഹരമായ വനഭംഗി ആസ്വദിക്കാനുള്ള സുഖകരമായ യാത്രാ അന്തരീക്ഷം ഒരുക്കുന്ന പാതയോര സൗന്ദര്യവത്കരണം നടത്താൻ വനംവകുപ്പിന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും സഹകരണം തേടുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.