കലാലോകത്തെ സൂര്യകിരണമായി സൂര്യ കിരണ്‍
1482993
Friday, November 29, 2024 6:25 AM IST
തലയോലപ്പറമ്പ്: കൈയില്‍ ഒരു ചെണ്ട കൊടുത്താല്‍ തെറ്റാതെ താളമൊഴുകും. കാലില്‍ ചിലങ്ക കെട്ടിയാല്‍ നൃത്തം ചെയ്ത് വിസ്മയിപ്പിക്കും. അഭിനയത്തോടും ഏറെ ഇഷ്ടം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും ഒന്നാം സ്ഥാനം. കലാ ലോകത്തെ സൂര്യകിരണമായിരിക്കുകായണ് എം. സൂര്യകിരണ്‍.
കോഴിക്കോട് ജില്ലയില്‍ കലയില്‍ അരങ്ങേറ്റം കുറിച്ച് തൃശൂരിലെത്തി നിരവധി തവണ ജില്ലാ സംസ്ഥാന ചാമ്പ്യനായി ഇപ്പോള്‍ കോട്ടയം ജില്ലയിലെത്തിയിരിക്കുകയാണ് സൂര്യ കിരണിന്റെ കലാ ജീവിതം. തൃശൂരില്‍നിന്ന് എസ്ബിഐ ചെങ്ങളം ശാഖയിലെ മാനേജരായി അച്ഛന് ശിവദാസ് സ്ഥലം മാറിയെത്തിയപ്പോഴാണ് സൂര്യ കിരണും കോട്ടയത്തെത്തുന്നത്.
ളാക്കാട്ടൂര്‍ എംജിഎം സ്കൂളിലാണ് ചേര്‍ന്നത്. ഇത്തവണ മത്സരിച്ച രണ്ട് നൃത്ത ഇനങ്ങളിലും സൂര്യ കിരണ്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ചെറിയ പ്രായത്തിലെ ചെണ്ടയും നൃത്തവും അഭ്യസിക്കാന്‍ തുടങ്ങിയിരുന്നു. എല്ലാത്തവണയും ചെണ്ടയിലും മത്സരിക്കുമായിരുന്നു. ഇത്തവണ ചെണ്ടയ്ക്ക് ഒരിടവേള കൊടുത്തു.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ എം. ശിവദാസിന്റെയും ജോഷിനയുടെയും മകനാണ് സൂര്യ കിരണ്‍. സൂപ്പര്‍ കിഡ് പുരസ്കാരം, യുവപ്രതിഭാ പുരസ്കാരം, യംഗ് അച്ചീവേഴ്സ് പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ സൂര്യകിരണിനെ തേടിയെത്തിയിട്ടുണ്ട്.