പാലാംകടവിലേക്ക് ഇശലിന്റെ ഈണവുമായി മൊഞ്ചത്തിമാരെത്തി
1482990
Friday, November 29, 2024 6:25 AM IST
തലയോലപ്പറമ്പ്: നിലാവുള്ള രാത്രികളില്‍ കഥാസുല്ത്താന് വൈക്കം മുഹമ്മദ് ബഷീര്‍ ചെറുവള്ളം തുഴഞ്ഞുപോയിരുന്ന പാലാംകടവില്‍ ഇശലിന്റെ ഈണവും കൈകൊട്ടുമായി അഴകുള്ള മൊഞ്ചത്തിമാരെത്തി.
എച്ച്എസ്എസ് ഒപ്പനയില്‍ ഹാട്രിക് വിജയം നേടിയ കോട്ടയം സെന്റ് ആന്‍സിലെ മണവാട്ടിയും അകമ്പടിയായി മൊഞ്ചത്തിമാരുമാണ് ബഷീറിന്റെ വീടും എഴുത്തിടവുമുണ്ടായിരുന്ന മൂവാറ്റുപുഴയാറിന്റെ ഓരം ചേര്‍ന്നുള്ള പാലാംകടവിലെത്തിയത്.
വാശിയേറിയ ഒപ്പനമത്സരത്തില്‍ മിന്നും വിജയത്തോടെയാണ് സെന്റ് ആന്‍സ് സംസ്ഥാനകലോത്സവത്തിന് യോഗ്യത നേടിയത്. ബഷീറിന്റെ ‘’മുച്ചീട്ടു കളിക്കാരന്റെ മകള്‍’’ എന്ന വിഖ്യാത കഥയിലെ പ്രധാന സാന്നിധ്യമാണ് പാലാംകടവ്. രാത്രികാലങ്ങളില്‍ എത്തുന്ന വള്ളങ്ങള്‍ക്ക് ദിശ കാട്ടാന്‍ നാട്ടിയിരുന്ന രാജമുദ്ര പതിച്ച വിളക്കുമരത്തിന്റെ ശേഷിപ്പ് ഇന്നും ഇവിടെയുണ്ട്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഇവിടം വഴിയോരവിശ്രമ കേന്ദ്രമാക്കിയിരിക്കുകയാണ്. ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ സ്മാരകവുമുണ്ട്. ബഷീറിന്റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളുടെ ചിത്രശേഖരവും ബഷീര്‍ കൃതികള്‍ ഉള്‍പ്പെടുന്ന ലൈബ്രറിയും സ്മാരകത്തിലുണ്ട്.