കൗമാര കലാപൂരത്തിന് ഇന്ന് മൂന്നാം പകല്‍
1482989
Friday, November 29, 2024 6:25 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പില്‍ കൗമാര കലാപൂരത്തിന് ഇന്ന് മൂന്നാം പകല്‍. കപ്പു കൈയിലുയര്ത്താന് ഒരു നിര സ്കൂളുടെ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. എ ഗ്രേഡില്‍ നേട്ടം കൊയ്യാന്‍ ഓരോ ഇനത്തിലും കടുത്ത മത്സരം. ഇന്ന് ഒന്നാം വേദിയില്‍ മോഹിനിയാട്ടവും കേരളനടനവും ആവേശമാകും.
പൗരാണികതയുടെ പാരമ്പര്യം വിളിച്ചോതി മാര്‍ഗംകളിയും പരിചമുട്ടുകളിയും ചവിട്ടുനാടകവും രണ്ടാം വേദിയില്‍ ആസ്വാദര്‍ക്ക് ഇമ്പവും കമ്പവും പകരും. മൂന്നാം വേദിയില്‍ കഥകളിയുണ്ട്.
സ്കൂള്‍ കലോത്സവത്തില്‍ ഇക്കൊല്ലം ആദ്യമായി ഇടംപിടിച്ച ഗോത്രകലാരൂപങ്ങളായ ഇരുളനൃത്തവും മലപ്പുലയ ആട്ടവും പളിയനൃത്തവും പണിയനൃത്തവും നാലാം വേദിയില്‍ പുതുമകളോടെ കണ്ടറിയാം.
പുത്തന്‍ ആശയങ്ങളോടെ മോഡേണ്‍ സ്റ്റൈല്‍ നാടകങ്ങളുടെ അവതരണം അഞ്ചാം വേദിയില്‍. ശബ്ദാനുകരണത്തിന്റെ രസികന്‍ നമ്പറുകളുമായി ആറാം വേദിയില്‍ രാവിലെ മിമിക്രി ആസ്വദിക്കാം. പിന്നാലെ അവിടെത്തന്നെയാണ് കഥാപ്രസംഗവും. ഏഴാം വേദിയില്‍ വൈകും വരെ വാദ്യകലകളുണ്ട്. തബലയും മൃദംഗവും മദ്ദളവും വൃന്ദവാദ്യവും ഇവിടെ മുഴങ്ങും.
എട്ടാം വേദിയിലുണ്ട് നാടന്‍പാട്ടും വഞ്ചിപ്പാട്ടും. വേദി പതിനൊന്നില്‍ കഥകളി സംഗീതവും അക്ഷരശ്ലോകവും കാവ്യകേളിയുമാണ്. നാളെയാണ് മേളയുടെ കൊടിയിറക്കവും കൊട്ടിക്കലാശവും.