കുടിക്കാന്‍ വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് ആരോപിച്ചു നാട്ടുകാര്‍ സമരം നടത്തി
1482811
Thursday, November 28, 2024 7:31 AM IST
കുറുപ്പന്തറ: കുടിക്കാന്‍ വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് ആരോപിച്ചു നാട്ടുകാര്‍ സമരം നടത്തി. മാഞ്ഞൂര്‍ പഞ്ചായത്തിലെ വള്ളികാഞ്ഞിരം ഭാഗത്തെ താമസക്കാരാണ് പരാതിക്ക് പരിഹാരമില്ലാതായതോടെ സമരവുമായെത്തിയത്. കുറുപ്പന്തറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വെള്ളമെടുക്കുന്ന കിണറിന് സമീപം നില്പു സമരം നടത്തി. എ.കെ. ശശിധരന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെടുന്നതാണ് വള്ളികാഞ്ഞിരം പ്രദേശം. കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിലെ പൊതു കിണറ്റില്‍ നിന്നാണ് ഈ ഭാഗത്തേക്കുള്ള വെള്ളം പമ്പ് ചെയ്യുന്നത്. സ്റ്റാന്‍ഡിലെ പൊതുശുചിമുറികളുടെ സമീപമാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. ശുചിമുറിയില്‍ നിന്നുള്ള മലിനജലം കിണറ്റിലേക്ക് എത്തുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇവിടുത്തെ വെള്ളം ഉപയോഗിക്കുന്ന വള്ളികാഞ്ഞിരം പ്രദേശത്തുള്ളവര്‍ക്ക് വയറിളക്കം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടതായും പ്രതിഷേധക്കാര്‍ പറഞ്ഞു.
കുറുപ്പന്തറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തില്‍ കിണറ്റിലെ വെള്ളം മലിനമാണെന്നും ഇക്കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും മുമ്പ് പലതവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.
തുടര്‍ന്ന് ആരോഗ്യ വകുപ്പധികൃതരുടെ സാന്നിദ്ധ്യത്തില്‍ പൊതുകിണറ്റിലെ വെള്ളം ശേഖരിച്ചു സീല്‍ ചെയ്തു കടുത്തുരുത്തിയിലെ വാട്ടര്‍ അഥോറിറ്റിയുടെ ലബോറട്ടറിയില്‍ പരിശോധനയ്ക്കു നല്കി. ഇതിന്റെ റിപ്പോര്‍ട്ട് വരുന്നതേയുള്ളുവെന്ന് സമരക്കാര്‍ പറയുന്നു.
ഗ്രാമവികസന സമിതി പ്രസിഡന്റ് എം.എം. സ്കറിയ, വിന്‍സെന്റ് ചിറയില്‍, രാഹുല്‍ രാജു, സിജി ജോസഫ്, സദാനന്ദന്, രാജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമരക്കാര്‍ പഞ്ചായത്ത് ഓഫീസിലെത്തി വീണ്ടും പരാതി നല്കി.