ആകാശമിഠായി-24 പുറംകാഴ്ചകൾ...ശബ്ദം മുറിഞ്ഞു, ചുവടു പിഴച്ചു തുടക്കം കൂത്തുകളിയായി
1482809
Thursday, November 28, 2024 7:22 AM IST
തലയോലപ്പറമ്പ്: കളിവിളക്ക് തെളിഞ്ഞപ്പോള്‍ തുടങ്ങി അപസ്വരം. മൈക്ക് ഇടയ്ക്കിടെ മൗനം പാലിച്ചതോടെ താളവും ചുവടും പിഴച്ചു. ടൈലിട്ട സ്റ്റേജില്‍ നൃത്തം ചവിട്ടിയവര്‍ തെന്നിത്തെറിച്ചു. സബ്ജില്ല മുതല്‍ വീറുറ്റ മത്സരവും ദിവസങ്ങള്‍ നീണ്ട പരിശീലനവും കഴിഞ്ഞ് ജില്ലയിലും സംസ്ഥാനത്തും കപ്പും എ ഗ്രേഡും നേടാനുള്ള ആവേശത്തിലും ആഗ്രഹത്തിലും വരുന്നവരാണ്.
ഇതോടെ മത്സരപ്പിഴയെച്ചൊല്ലി രക്ഷിതാക്കളും മത്സരാര്ഥികളും അവരുടെ അധ്യാപകരും സംഘാടകസമിതിയോട് തട്ടിക്കയറി. ഇന്നലെ രാവിലെ തുടങ്ങിയ ഒച്ചപ്പാട് ഉച്ചവരെ ചില വേദികളില്‍ നീണ്ടു. പുതിയ മൈക്ക് എത്തിക്കുന്നതും വേദിയില്‍ ടൈലിനു മുകളില്‍ മാറ്റ് ഇടുന്നതും വരെ മത്സരം നിറുത്തിവച്ചു.
വൈകിത്തുടങ്ങിയ ഇനങ്ങള്‍ ഇന്നലെ രാവോളം നീണ്ടുപോയി. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവ. വിഎച്ച്എസ്എസിലെ അമൃതവര്‍ഷിണി എന്ന നാലാം വേദിയില്‍ എച്ച്എസ്എസ് ആണ്‍കുട്ടികളുടെ നാടോടി നൃത്തം 10.30 നാണ് ആരംഭിച്ചത്. പുതുപ്പള്ളി എച്ച്എസ്എസിലെ നേബല്‍ ജോസ് വേദിയില്‍ കയറിയപ്പോഴേ സ്റ്റേജിലിട്ടിരുന്ന മാറ്റ് തെന്നിമാറാന്‍ തുടങ്ങി. മിനുസമുള്ള ടൈലില്‍ മാറ്റ് വെറുതേയാണിട്ടിരുന്നത്.
ഇതോടെ വേദിയില്‍ നിറഞ്ഞ് നൃത്തം അവതരിപ്പിക്കാനായില്ല. പ്രതിഷേധമായതോടെ മത്സരം നിര്‍ത്തിവച്ചു. തുടര്‍ന്ന് ടേപ്പ് ഉപയോഗിച്ചു മാറ്റ് ഉറപ്പിച്ചു. പാലാ എംജി എച്ച്എസ്എസിലെ സിദ്ദു സുരേഷ് എത്തിയപ്പോഴും മാറ്റ് തെന്നി. ഇതിനൊപ്പം മൈക്കും പ്രശ്നമായി. തുടര്‍ന്ന് 12.15 നാണ് വീഴ്ചകള്‍ പരിഹരിച്ച് മത്സരം പുനരാരംഭിച്ചത്.
ആദ്യം മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കുകയും ചെയ്തു. രണ്ടാമതും സ്റ്റേജിലെത്തിയ സിദ്ദു സുരേഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. വേദിയില്‍ പൊട്ടിക്കിടന്ന വളയില്‍ ചവിട്ടിയ പെണ്‍കുട്ടിയുടെ കാല്മുറിയുകയും ചെയ്തു.