കാർഷികോത്പാദന വർധനയ്ക്ക് നൂതന സാങ്കേതിക വിദ്യകൾ അനിവാര്യം: കളക്ടർ
1482803
Thursday, November 28, 2024 7:22 AM IST
കുമരകം: കോട്ടയം ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിൽ കാർഷിക ഉത്പന്നോപാധികൾ വിതരണം നടത്തുന്ന വ്യാപാരികൾക്കുള്ള ഏക വർഷ ഡിപ്ലോമ കോഴ്സിന്റെ 2023- 24 ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും 2024-25 ബാച്ചിന്റെ ഉദ്ഘാടനവും കോട്ടയം കളക്ടർ ജോൺ വി. സാമുവേൽ നിർവഹിച്ചു. ജില്ലയിലെ കാർഷിക മേഖലയ്ക്ക് ധാരാളം സാധ്യതകളുണ്ടെങ്കിലും കാലാവസ്ഥ ഉൾപ്പെടെ പല പ്രതിസന്ധികളും നേരിടുന്ന സാഹചര്യത്തിൽ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കൃഷി വിജ്ഞാന കേന്ദ്രം, കൃഷിവകുപ്പ്, ആത്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടപ്പാക്കിയത്. കീടനാശിനി-വളം വ്യാപാരികൾ ഈ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കുന്നതുവഴി കർഷകർക്ക് വിള പരിപാലന മാർഗങ്ങൾ നിർദേശിക്കാൻ പ്രാപ്തരാകുന്നു. ഇതുവഴി വളം, കീടനാശികളുടെ അമിത പ്രയോഗം ഒഴിവാക്കുവാനും പരിസ്ഥിതിയെ സംരഷിക്കുവാനും കഴിയും. ഡിപ്ലോമ കോഴ്സിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ സനു ജോസ്, ബിനോയ് സി. ആൻഡ്രൂസ്, റ്റിറ്റി ഏബ്രഹാം എന്നിവർ കരസ്ഥമാക്കി.
യോഗത്തിൽ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ് ഡോ. ജി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫിസർ ജോ ജോസ്, ആത്മ പ്രോജക്ട് ഡയറക്ടർ ഏബ്രഹാം സെബാസ്റ്റ്യൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ കെ.കെ. ബിന്ദു, നിഷ മേരി സിറിയക് ദേശി കോഴ്സിന്റെ ഫെസിലിറ്റേറ്റർ കെ.ജെ. ഗീത, ക്രിസ് ജോസഫ്, കെവികെ അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. ആശ വി. പിള്ള, മാനുവൽ അലക്സ് എന്നിവർ പ്രസംഗിച്ചു.