പൂവക്കുളത്തെ പ്ലൈവുഡ് ഫാക്ടറിക്കെതിരേ ജനകീയ കൂട്ടായ്മ
1482757
Thursday, November 28, 2024 6:01 AM IST
രാമപുരം: വെളിയന്നൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പുതിയതായി ആരംഭിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കും പാറമടകള്ക്കുമെതിരേ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. നിലവില്‍ വമ്പന്‍ ക്വാറികളും മെറ്റല്‍ ക്രഷറും ഇതേ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിന്റെ മുന്നൂറ് മീറ്റര്‍ ചുറ്റളവിലാണ് തേക്കുമലയിലും താന്നിമലയിലും ക്വാറിയും മൂലക്കാട്ട് ജംഗ്ഷനില്‍ പ്ലൈവുഡ് ഫാക്ടറിയും തുടങ്ങാനുള്ള നീക്കം നടക്കുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്വാറികളും ക്രഷര്‍ യൂണിറ്റുകളും മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ പൂവക്കുളം നിവാസികള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ജനകീയ കൂട്ടായ്മാ ഭാരവാഹികള്‍ പറഞ്ഞു. പുതുതായി ആരംഭിക്കാന്‍ ശ്രമം നടത്തുന്ന ഫാക്ടറിയും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ നാട്ടുകാരുടെ ജീവിതം ഇവിടെ കൂടുതല്‍ ദുരിതപൂര്‍ണമാകും.
കഴിഞ്ഞ ദിവസം രാത്രി നടന്ന പന്തംകൊളുത്തി പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സമരസമിതി പ്രസിഡന്റ് സേതു വെണ്ണമറ്റത്തില്‍, സെക്രട്ടറി ജോണ്സണ് ജോസഫ്, കെ.ബി. മനോജ്, രാജു പുളിമൂട്ടില്‍, ദീപു മേതിരി, ജയചന്ദ്രന് പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.