കുര്യനാട് സെന്റ് ആൻസ് സ്കൂളിൽ വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം തുറന്നു
1482755
Thursday, November 28, 2024 6:01 AM IST
കുര്യനാട്: സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം തുറന്നു. സെന്റ് ആൻസ് ആശ്രമത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി 1999ൽ ആരംഭിച്ച സെന്റ് ആൻസ് ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ 23-ാമത് മത്സരങ്ങൾക്കും തുടക്കമായി. മത്സരങ്ങൾ ഇന്ന് സമാപിക്കും. വിവിധ വിഭാഗങ്ങളിലായി ഇരുപതോളം സ്കൂൾ ടീമുകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
സിഎംഐ കോട്ടയം പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ ഇൻഡോർ സ്റ്റേഡിയത്തിന്റെ ആശീർവാദം നിർവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സിഎംഐ അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടൻ ലാലു അലക്സ് ഇൻഡോർ സ്റ്റേഡിയത്തിന്റെയും സ്കൂൾ മാനേജർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ സെന്റ് ആൻസ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
ആദ്യദിനം മാന്നാനം കെഇ കോളജും മൂലമറ്റം സെന്റ് ജോസഫ്സ് കോളജും തമ്മിൽ നടന്ന സൗഹൃദമത്സരത്തിൽ മാന്നാനം കെഇ കോളജ് വിജയികളായി.
സെന്റ് ആൻസ് ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിനെത്തുടർന്ന് നാളെ സിഎംഐ സഭയിലെ വിവിധ പ്രവിശ്യകൾ തമ്മിലുള്ള ഫാ. ബ്രൂണോ കപ്പ് മത്സരങ്ങൾ പുതിയ സ്റ്റേഡിയത്തിൽ നടക്കും.