വാര്‍ഡ് പുനര്‍നിര്‍ണയം: കരൂരില്‍ പരാതികള്‍ ഏറെ
1482751
Thursday, November 28, 2024 5:56 AM IST
കരൂര്‍: പഞ്ചായത്തിലെ വാര്‍ഡ് പുനര്‍ വിഭജനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് റിപ്പോര്‍ട്ടില്‍ പരാതികളുമായി വിവിധ സംഘടനകള്‍ രംഗത്ത്. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഗവണ്മെന്റ് മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ടാണ് അതിര്‍ത്തി നിര്‍ണയം നടത്തിയിരിക്കുന്നതെന്ന് അന്ത്യാളത്ത് ചേര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
അന്തീനാട് വാര്‍ഡ് പാലാ മുനിസിപ്പാലിറ്റി വരെയും കരൂര്‍ വാര്‍ഡിന്റെ അതിര്‍ത്തി രാമപുരം പഞ്ചായത്ത് വരെയുമാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്. പുതിയതായി വാര്‍ഡുകള്‍ രൂപീകരിക്കുമ്പോള്‍ ഇവ രണ്ടും വള്ളിച്ചിറ വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശത്താണ് വരുന്നത്.
ളാലം വില്ലേജില്‍ ഉള്‍പ്പെടുന്ന കരൂര്‍, അന്ത്യാളം, അന്തീനാട് പ്രദേശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുനര്‍നിര്‍ണയത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഡൊമിനിക് എലിപ്പുലിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.എം. മാത്യു പാമ്പയ്ക്കല്‍, സിജോ തടത്തില്‍, സിബി ഓടയ്ക്കല്‍, ഫ്രാന്‍സിസ് മൈലാടൂര്‍, ബാബു കാവുകാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.