കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപം ആറ്റുപുറമ്പോക്ക് കൈയേറാന്‍ നീക്കമെന്നു പരാതി
1482749
Thursday, November 28, 2024 5:56 AM IST
പാലാ: പാലാ-ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്തുള്ള മീന്കടയോടു ചേര്‍ന്നു സ്വകാര്യവ്യക്തി കുളിക്കടവായ ഇടേട്ടു കടവ് വേസ്റ്റും മണ്ണും മറ്റുമിട്ടു നശിപ്പിച്ചതായും ആറ്റുപുറമ്പോക്കും ഇടത്തൊണ്ടും കൈയേറുന്നതായും പരാതി. കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയാണ് പരാതിയും പ്രതിഷേധവുമായി രംഗത്തുവന്നത്.
പാലാ-ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍നിന്നു മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നത് ഈ ഇടത്തൊണ്ടിലൂടെയാണ്. ഈ ഇടത്തൊണ്ട് അടച്ചുകെട്ടിയാല്‍ പാലാ-ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ വെള്ളക്കെട്ടുണ്ടായി ഗതാഗതതടസം രൂക്ഷമാകാന്‍ കാരണമാകുമെന്നാണ് പറയുന്നത്. ഒരു വര്‍ഷം മുമ്പ് ഈ കുളിക്കടവും കടവിലേക്കുള്ള ഇടത്തൊണ്ടും മണ്ണിട്ടു നികത്തി കൈയേറുന്നതിനു ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കൈയേറ്റക്കാര്‍ക്കു മണ്ണു മാറ്റി ഇടത്തൊണ്ട് പുനഃസ്ഥാപിക്കേണ്ടി വന്നു.
പുറമ്പോക്ക് കൈയേറ്റത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കളക്ടര്‍ക്കും മറ്റ് അധികൃതര്‍ക്കും പരാതികള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസറും പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്കി. എന്നാലും പുറമ്പോക്ക് കൈയേറി മതില് നിര്‍മിക്കുന്നതിനുള്ള നീക്കം നടത്തിയതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാലാ പോലീസ് പണികള്‍ തടയുകയായിരുന്നു.
മാലിന്യങ്ങള്‍ തള്ളി നശിപ്പിച്ച കുളിക്കടവ് എത്രയും വേഗം പുനഃസ്ഥാപിക്കുകയും അനധികൃത കൈയേറ്റം തടയുകയും ചെയ്യണമെന്നു കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ടിന്റെ അധ്യക്ഷതതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഡിസിസി മെംബര്‍ അഡ്വ. സന്തോഷ് മണര്‍കാട്ട് യോഗം ഉദ്ഘാടനം ചെയ്തു.