മാലിന്യകേന്ദ്രമായി വണ്ടൻപതാൽ തേക്കിൻകൂപ്പ്
1482748
Thursday, November 28, 2024 5:56 AM IST
മുണ്ടക്കയം: മുണ്ടക്കയം-കോരുത്തോട് റോഡിൽ വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെയുള്ള ഭാഗത്ത് മാലിന്യംതള്ളൽ വ്യാപകമാകുന്നു. മുന്പ് റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന മാലിന്യംതള്ളൽ ഇപ്പോൾ തേക്കിൻ കൂപ്പിനുള്ളിലാണ്.
വണ്ടൻപതാലിലെ വനംവകുപ്പ് ഓഫീസിന് അര കിലോമീറ്റർ മുന്പിലായി തേക്കിൻകൂപ്പിനുള്ളിലാണ് വലിയതോതിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടിക്കിടക്കുന്നത്. വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയുമടക്കം മാലിന്യങ്ങളാണ് ഇവിടെ സാമൂഹ്യവിരുദ്ധർ തള്ളുന്നത്. ഇരുചക്ര വാഹനങ്ങൾക്കു മാത്രം കടന്നുചെല്ലാവുന്ന ഇവിടെ ചാക്കിൽക്കെട്ടി വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങൾ തലച്ചുമടായി എത്തിക്കുകയാണെന്നാണു നിഗമനം.
പ്രദേശമാകെ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതോടെ ഇവിടെമാകെ ദുർഗന്ധപൂരിതമാണ്. ഇതോടെ പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷമായിരിക്കുകയാണ്. ശക്തമായ മഴ പെയ്താൽ മാലിന്യങ്ങൾ സമീപത്തെ തോട്ടിലേക്ക് ഒഴുകിയെത്താനുള്ള സാധ്യത ഏറെയാണ്. ഇത് സമീപവാസികൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കും.
മേഖലയിലെ രാത്രികാല മാലിന്യംതള്ളൽ തടയാൻ അധികൃതർ പരിശോധന കർശനമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.