എരുമേലി തോട്ടിൽ ഷാംപൂ കവറുകളുടെ കൂമ്പാരം
1482740
Thursday, November 28, 2024 5:43 AM IST
എരുമേലി: ടൗണിൽ തോടുകൾ നിറയെ മാലിന്യങ്ങൾ. ഏറെയും പ്ലാസ്റ്റിക് കവറുകൾ. കുളിക്കാൻ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഷാംപൂ കവറുകൾ എണ്ണിയാൽ ഒടുങ്ങില്ല. നിരവധി വസ്ത്രങ്ങളുമുണ്ട്. തോട്ടിൽ ഇവയെല്ലാം കെട്ടിക്കിടക്കുകയാണ്. ഈ കാഴ്ച കാണാൻ ആമക്കുന്ന് പാലത്തിൽ ചെന്നിട്ട് തോട്ടിലേക്ക് നോക്കിയാൽ മതി.
പ്ലാസ്റ്റിക് കവറുകളിലെ ഷാംപൂ പാക്കറ്റുകൾ അയ്യപ്പഭക്തർ ഉപയോഗിച്ച ശേഷം ഒരു ബിന്നിൽ ഇട്ടാൽ ഇതൊന്നും തോട്ടിൽ വരില്ല. ഭക്തർ സ്നാനം നടത്തുന്ന കുളിക്കടവിൽ ഇങ്ങനെ സംവിധാനം ഒരുക്കിയാൽ പ്രയോജനം നിസാരമല്ല. ദിവസവും നൂറുകണക്കിന് ഭക്തർ എരുമേലി വലിയമ്പല കടവിൽ കളിക്കുന്നുണ്ട്.
ഒരാൾ ഒരു ഷാംപൂ കവർ എന്ന കണക്കിൽ ഇവ ഉപേക്ഷിച്ചാൽ ദിവസവും ആയിരക്കണക്കിന് പ്ലാസ്റ്റിക് കവറുകൾ ഇങ്ങനെ ഉപേക്ഷിച്ചു കളയുന്നു. അതേസമയം ഇവ ബിന്നിലോ അല്ലെങ്കിൽ കുളിക്കടവിൽ വലയ്ക്കുള്ളിലോ ചാക്കിലോ ശേഖരിക്കാൻ സൗകര്യം ഒരുക്കിയാൽ വലിയ തോതിലുള്ള പ്ലാസ്റ്റിക് മലിനീകരണമാണ് എരുമേലിയിലെ തോടുകളിൽ ഒഴിവാകുക.
ഒട്ടേറെ കുടിവെള്ള പദ്ധതികളുണ്ട് മണിമലയാറിൽ. അവിടേക്കാണ് എരുമേലിയിലെ തോടുകൾ ഒഴുകുന്നത്. പ്ലാസ്റ്റിക് കവറുകൾ ചെന്നെത്തുന്നതും നാടൊട്ടുക്കും വിതരണം ചെയ്യുന്ന വെള്ളത്തിലാണ്. ഇതിന്റെ പ്രത്യാഘാതം ഗുരുതരമാണ്.
ഈ വെള്ളം കുളിക്കാൻ ഉപയോഗിക്കുന്നവർ പോലും രോഗികളാകും. നൂറുകണക്കിന് പേരാണ് പൈപ്പ് വഴി ഈ വെള്ളം ഉപയോഗിക്കുന്നത്. കാൻസർ രോഗങ്ങൾ നാട്ടിൽ പെരുകാൻ സാധ്യത കൂട്ടുകയാണ് ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ.