ശബരിമല പാതയിലെ പൊന്തക്കാടുകൾ വെട്ടിമാറ്റുന്ന ജോലി ആരംഭിച്ചു
1467208
Thursday, November 7, 2024 5:48 AM IST
എരുമേലി: മണ്ഡല കാല മുന്നൊരുക്കമായി പ്രധാന ശബരിമല പാതകളിൽ പൊന്തക്കാടുകൾ വെട്ടി മാറ്റുന്ന ജോലി ഇന്നലെ ആരംഭിച്ചു. അതേസമയം ഇത്തവണ കുഴിയടയ്ക്കൽ ഉൾപ്പെടെ റോഡുകൾ സുരക്ഷിതമാക്കുന്ന നവീകരണ പ്രവൃത്തികൾ നടത്തുന്നില്ലെന്ന് ആക്ഷേപം. മഴ തുടർച്ചയാകുമെന്നിരിക്കെ റോഡുകളിലെ വെള്ളക്കെട്ട് പരിഹരിക്കലും ഇത്തവണ ഇല്ലെന്നാണ് മറ്റൊരു ആക്ഷേപം.
പഴക്കമേറിയ സിഗ്നൽ ബോർഡുകൾ നീക്കി പുതിയ ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടികളും മരാമത്ത് വിഭാഗത്തിൽ ആരംഭിച്ചിട്ടില്ല. ഇവയെല്ലാം നടപ്പിലാക്കണമെന്നാണ് എരുമേലി യിൽ നടന്ന മുന്നൊരുക്ക യോഗം നിർദേശം നൽകിയത്. എരുമേലി - കാഞ്ഞിരപ്പള്ളി, എരുമേലി - കണമല റോഡുകളിലാണ് ഇന്നലെ കാട് വെട്ടൽ ജോലികൾ തുടങ്ങിയത്.
കരാർ തൊഴിലാളികളാണ് ജോലികൾ നടത്തുന്നത്. കാടുകൾ നിറഞ്ഞ് അപകട സാധ്യതയിലായിരുന്നു പാതകൾ. വശങ്ങളിൽ കാൽ നട യാത്രികർ ഭീതിയിലാണ് സഞ്ചരിക്കുന്നത്. കാടുകളിൽ ഇഴ ജന്തുക്കൾ ഉണ്ടെന്ന് നാട്ടുകാർ പരാതി അറിയിച്ചിരുന്നു.
ശബരിമല പാതയിൽ സിബ്ര ലൈനുകൾ കാണാനില്ല. മിക്കതും അവ്യക്തമായ നിലയിലാണ്. ഇതുൾപ്പെടെ സെന്റർ ലൈനും റോഡിൽ കാണാനില്ല. കാലപ്പഴക്കം മൂലം ഇവയെല്ലാം അവ്യക്തമാണ്.
പേട്ടക്കവലയിൽ കാൽ നട സഞ്ചാരത്തിന് നിർമിച്ച നടപ്പാതകളിൽ അനധികൃത വ്യാപാരം വ്യാപകമാണെന്ന് പരാതി. കച്ചവടക്കാർ വിൽപന സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കിവച്ചിരിക്കുന്നത് പോലീസ് ഇടപെട്ട് നീക്കണമെന്നാണ് പരാതി.