മല്ലികശേരി പാടശേഖരത്തിൽ "രക്തശാലി' നെൽവിത്ത് വിളയും
1458768
Friday, October 4, 2024 3:26 AM IST
എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിലെ നെൽകൃഷിയുള്ള ഏക പഞ്ചായത്തായ എലിക്കുളത്ത് പുതിയ പാടശേഖരം കൂടി. കാൽനൂറ്റാണ്ട് തരിശായിക്കിടന്ന മല്ലികശേരിയിലെ നാലേക്കർ കോക്കാട്ട്-ഇടയ്ക്കാട്ട് പാടശേഖരത്ത് ഇനി രക്തശാലി നെൽവിത്തുകൾ വിളയും.
എലിക്കുളം പഞ്ചായത്തിൽ ആദ്യമായാണ് ഏറെ ഔഷധ ഗുണമുള്ള ഇത്തരം നെൽവിത്ത് വിതയ്ക്കുന്നത്. പൂർവികർ വിതച്ചിരുന്ന അപൂർവ ഇനത്തിൽപ്പെട്ടതും ഏറെ രോഗപ്രതിരോധ ശേഷിയുള്ളതുമാണിത്.
വിത്തുവിതയ്ക്കലിന്റെ ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി മുഖ്യപ്രഭാഷണം നടത്തി. എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശ റോയി, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, അഖിൽ അപ്പുക്കുട്ടൻ, ജയിംസ് ജീരകത്ത്, യമുന പ്രസാദ്, പാടശേഖര ഉടമകളായ മാത്യു കോക്കാട്ട്, ജോജോ ഇടയ്ക്കാട്ട്, എലിക്കുളം നാട്ടുചന്ത പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.