ഫോറന്‍സിക് ഡോക്ടര്‍ അവധിയെടുത്താല്‍ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം മുടങ്ങും
1454473
Thursday, September 19, 2024 11:31 PM IST
പാലാ: ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം വിഭാഗം ഡോക്ടര്‍ അവധി എടുത്തതിനെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു. പാലാ ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം വിഭാഗത്തില്‍ സ്ഥിരം ഡോക്ടര്‍ ഇല്ല. നിലവില്‍ ഫോറന്‍സിക്കില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടറെയാണ് ചുമതല ഏല്പിച്ചിട്ടുള്ളത്. ഡോക്ടര്‍ രണ്ടു ദിവസത്തെ അവധി എടുത്തതിനെത്തുടര്‍ന്നാണ് രണ്ടു ദിവസം പോസ്റ്റ്മോര്‍ട്ടം മുടങ്ങാന്‍ ഇടയായത്.
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പോസ്റ്റ്മോര്‍ട്ടം പുനരാരംഭിച്ചത് മീനച്ചില്‍ താലൂക്കിലെയും സമീപ പ്രദേശങ്ങളിലുംനിന്നുള്ളവര്ക്കും സഹായകരമായിരുന്നു. ഇവിടെ നിന്നുള്ള പോസ്റ്റുമോര്‍ട്ടം കേസുകള്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിവിശേഷം വലിയ ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും വരുത്തുുന്നതായി പരാതി ഉയര്‍ന്നിരുന്നു.
ഓണ അവധി ദിവസങ്ങളില്‍പോലും ഇവിടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. പാലാ ജനറല്‍ ആശുപത്രി അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രത്യേക ഫോറന്‍സിക് വിഭാഗവും അനുവദിച്ചിരുന്നു. അന്ന് മോര്‍ച്ചറിയുടെയും ഫ്രീസറുകളുടെയും കുറവ് ചൂണ്ടിക്കാട്ടി നിയമനം നടത്താതെ കുറേ കാലങ്ങള്‍ക്കു ശേഷം തസ്തികകള്‍ ഇല്ലാതാക്കുകയായിരുന്നു. എട്ട് ഫ്രീസറുകളോടെയുള്ള മോര്‍ച്ചറിയും പോസ്റ്റ്മോര്‍ട്ടം കെട്ടിടവും ഡോക്ടേഴ്സ് റൂമും നിര്‍മിച്ചിട്ടും നിയമനം ഉണ്ടായില്ല. നഗരസഭാധികൃതരുടെയും ആശുപത്രി മാനേജിഗ് കമ്മിറ്റിയുടെയും നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം പുനരാരംഭിച്ചത്.
ഒരു കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ക്ക് ചുമതല നല്‍കിയാണ് ഇവിടെ ഫോറന്‍സിക് വിഭാഗം പ്രവര്‍ത്തിക്കുന്നത്. നിര്‍ത്തലാക്കിയ ഫോറന്‍സിക് വിഭാഗം പുനഃസ്ഥാപിച്ച് പ്രത്യേകം ഡോക്ടറെ നിയമിക്കണമെന്നുള്ള ആവശ്യം ആരോഗ്യ വകുപ്പ് പരിഗണിക്കുന്നില്ല.