കിഴുകാനം ഇറച്ചിക്കേസിന് ഇന്ന് രണ്ടു വയസ് സരുൺ സജിക്ക് ഇനിയും നീതി അകലെ
1454466
Thursday, September 19, 2024 11:31 PM IST
ഉപ്പുതറ: കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ആദിവാസി യുവാവിന് രണ്ടു വർഷമായിട്ടും നിതി കിട്ടിയിട്ടില്ല. 2022 സെപ്റ്റംബർ 20 നാണ് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയെ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണമെന്നാണ് നിയമം.
എന്നാൽ, പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയില്ല . കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി തേടി പോലീസ് ജനുവരി ആറിന് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി വനം വകുപ്പ് ഭരണവിഭാഗം കൺസർവേറ്റർക്ക് കത്ത് നൽകി. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി ആവശ്യപ്പെട്ടാണ് കത്തു നൽകിയത്.
ഒൻപതു മാസമായിട്ടും വനം വകുപ്പ് മറുപടി നൽകിയില്ല. കുറ്റപത്രം നൽകുന്നത് നീട്ടിക്കൊണ്ടു പോയി കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നു കാട്ടി സരുൺ സജി ജില്ലാ കോടതിയിൽ ഹർജി നൽകി. കാട്ടിറച്ചി കടത്തി എന്നാരോപിച്ച് സരുൺ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. പുറത്തിറങ്ങിയ സരുൺ സജിയുടെ അപേക്ഷപ്രകാരം സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മിയാണ് അന്വഷണം നടത്തിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇതോടെ മുൻ ഇടുക്കി ഡിഎഫ്ഒ ബി.രാഹുൽ, കിഴുകാനം സെക്ഷൻ ഫോറസ്റ്റർ ടി. അനിൽ കുമാർ ഉൾപെടെ ഒൻപതു ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ഇതിനു ശേഷമാണ് 13 ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാൻ ഉപ്പുതറ പോലീസ് തയാറായത്. വളരെ ഉദാസീനമായാണ് പോലീസ്, വനം ഉദ്യോഗസ്ഥർക്ക് എതിരെയുള്ള കുറ്റപത്രം തയാറാക്കിയത്. എന്നാൽ, കുറ്റപത്രം നൽകാനോ വിചാരണ തുടങ്ങാനോ ഇതു വരെ കഴിഞ്ഞിട്ടില്ല. ഇത് അന്വേഷണത്തിൽ നിരപരാധിയാണെന്ന് വനം വകുപ്പു തന്നെ കണ്ടെത്തിയ സരുൺ സജിക്ക് നീതി നിഷേധിക്കുന്നതിന് തുല്യമായിരിക്കുകയാണ്.