നവീകരിച്ച അഴകാത്തുപടി കൈത്തറി നെയ്ത്തുശാല ഉദ്ഘാടനം ചെയ്തു
1453055
Friday, September 13, 2024 6:47 AM IST
മാടപ്പള്ളി: ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച അഴകാത്തുപടി കൈത്തറി നെയ്ത്തുശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. അഞ്ചു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചിരുന്ന നെയ്ത്തുശാലയുടെ മേല്‍ക്കൂര തകര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശോച്യാവസ്ഥയിലായിരുന്നു. എട്ടു സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. മേല്‍ക്കൂര തകര്‍ന്നതിനാല്‍ കൈത്തറികള്‍ക്കും യന്ത്രങ്ങള്‍ക്കും കേടുപാട് സംഭവിച്ചിരുന്നു.
ജില്ലാപഞ്ചായത്തിന്റെ 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചാണ് നെയ്ത്തുശാല നവീകരിച്ചത്. നെയ്ത്തുശാലയുടെ ഭിത്തികള്‍ ബലപ്പെടുത്തുകയും മേല്‍ക്കൂര നവീകരിക്കുകയും ശൗചാലയം നിര്‍മിക്കുകയും ചെയ്തു.
കൈത്തറി യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍സംരംഭം എന്ന രീതിയില്‍ നെയ്ത്തു പഠിക്കാന്‍ സാഹചര്യമുണ്ടാകും. കൈത്തറി സംഘം ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത് അധ്യക്ഷത വഹിച്ചു. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, പഞ്ചായത്തംഗം പി.എ. ബിന്സണ് എന്നിവര്‍ പ്രസംഗിച്ചു.