റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ ജനകീയ പ്രതിഷേധ സമരം
1452272
Tuesday, September 10, 2024 10:46 PM IST
പാറത്തോട്: പഞ്ചായത്ത് ഏഴാം വാർഡിലെ ഇടക്കുന്നം-അമ്പലംപടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സിപിഎം പാറത്തോട് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സമരം നടത്തി. സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ഫണ്ടും പഞ്ചായത്ത് അനുവദിച്ച ഫണ്ടും ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
സിപിഎം പാറത്തോട് സൗത്ത് ലോക്കൽ സെക്രട്ടറി വി.എം. ഷാജഹാൻ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സിന്ധു മോഹനൻ, കെ.എ. സിയാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മാർട്ടിൻ തോമസ്, ടി.ആർ. രവിചന്ദ്രൻ, സിറാജ് പി. സലിം തുടങ്ങിയവർ പ്രസംഗിച്ചു.
മേരിമാതാ പബ്ലിക് സ്കൂൾ, ഗ്രേസി മെമ്മോറിയൽ സ്കൂൾ, ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാനപ്പെട്ട റോഡാണ് അമ്പലംപടി റോഡ്. പ്രശ്നത്തിന് അടിയന്തരമായി പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.