കൂരാലി: കൂരാലി - തമ്പലക്കാട് റോഡിൽ മാലിന്യം നിരന്തരമായി തള്ളുന്ന സാമൂഹ്യദ്രോഹികൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. റോഡരികിൽ പലയിടത്തും മത്സ്യ, മാംസാവശിഷ്ടവും കേറ്ററിംഗ് മാലിന്യവും ഉപേക്ഷിക്കുന്നതുമൂലം നടന്നുപോകുന്നവർക്കും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. പനമറ്റം സ്കൂളിലെ വിദ്യാർഥികൾ നടന്നു പോകുന്ന വഴിയാണിത്. പ്രദേശമാകെ ദുർഗന്ധപൂരിതമാണ്. രാത്രി കാലങ്ങളിൽ മറ്റു പ്രദേശങ്ങളിൽ നിന്നുമാണ് ഇവിടെ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരേ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.