തിരുനക്കര സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രം: നഗരസഭാ ചെയര്‍പേഴ്സണെ ഘെരാവോ ചെയ്ത് ഡിവൈഎഫ്ഐ
1430161
Wednesday, June 19, 2024 5:58 AM IST
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടു നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനെ ഘെരാവോ ചെയ്തു ഡിവൈഎഫ്ഐ. ഇന്നലെ രാവിലെ 11നാണ് സംഭവം. ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ ഇരുപതോളം പേരാണ് ചെയര്‍പേഴ്സന്റെ റൂമിലെത്തി ഘൊരാവോ ചെയ്തത്.
ഉച്ചകഴിഞ്ഞ് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം പരിഗണിക്കുന്നുണ്ടെന്നു സമരക്കാരെ ചെയര്പേഴ്സന് അറിയിച്ചു. എന്നാല്‍ കാത്തിരിപ്പുകേന്ദ്രത്തിന്റെ കാര്യത്തില്‍ ഉറപ്പു ലഭിക്കാതെ ഉപരോധം പിന്‍വലിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം നീണ്ടു. എന്നാല്‍, ചട്ടപ്രകാരം കൗണ്‍സില്‍ തീരുമാനത്തിലൂടെയെ നടപടി ഉണ്ടാകൂവെന്നും മറ്റു തീരുമാനങ്ങള്‍ക്കു നിയമസാധുത ഇല്ലെന്നും ചെയര്‍പേഴ്സണ്‍ ആവര്‍ത്തിച്ചു.
ഇതു കണക്കാക്കാതെ നഗരസഭാ അധ്യക്ഷയുടെ ഓഫീസ് മുറിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ചു കുത്തിയിരിപ്പ് സമരം ഇവര്‍ തുടർന്നു. പിന്നീട് പോലീസ് എത്തി ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സിപിഎം ഏരിയാ സെക്രട്ടറി ബി. ശശികുമാര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സിപിഎം കൗണ്‍സിലര്‍മാരും സമരത്തില്‍ പങ്കെടുത്തു.