സഞ്ചാരികളെ ആകർഷിച്ച് കല്യാണത്തണ്ടിലെ കോടമഞ്ഞും കാറ്റും
1424068
Tuesday, May 21, 2024 11:18 PM IST
കട്ടപ്പന: കാത്തുകാത്തിരുന്ന് മഴ പെയ്തപ്പോൾ പിന്നെ മഴയോട് മഴ, ആ മഴയ്ക്കുമുണ്ട് ഒരു സൗന്ദര്യം.
രണ്ടാഴ്ച മുമ്പ് ഉണങ്ങിക്കരിഞ്ഞ പുൽമേടുകളും വരണ്ടുണങ്ങിയ പാറക്കെട്ടുകളും ചുട്ടുപ്പൊള്ളുന്ന ചൂടുമായിരുന്നെങ്കിൽ, ഇപ്പോൾ കഥയെല്ലാം മാറി.
സദാ സമയവും കോരിച്ചൊരിയുന്ന മഴയത്ത് കനത്ത മഞ്ഞും കുളിരും കൂടിയായി കല്യാണത്തണ്ടിപ്പോൾ കാഴ്ചകളുടെ കുളിരുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.
കാഴ്ചകളുടെ ഒരു കല്യാണസദ്യ തന്നെയാണ് ഓരോ സഞ്ചാരിക്കും കല്യാണത്തണ്ടിലെ മലനിരകൾ സമ്മാനിക്കുന്നത്.
മല കയറി എത്തുന്നവർക്ക് കാഴ്ചകളുടെ ഒരു കലവറയാണ് പ്രകൃതി തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നത്.
പച്ചപ്പ് പുതച്ച മലഞ്ചെരുവിൽ മാനം നിറഞ്ഞ് പെയ്യുന്ന മഴ, ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന കോടമഞ്ഞും കുളിർക്കാറ്റും. ചുറ്റും ചെറുതും വലുതുമായ പാറക്കൂട്ടങ്ങൾ, ഇതെല്ലാം പോരാത്തതിന് അങ്ങു ദൂരെ താഴ്വാരത്ത് വനങ്ങൾക്കിടയിലൂടെ ഇടുക്കി ഡാമിലേയ്ക്കൊഴുകുന്ന നീലജലാശയവും.
ഇങ്ങനെ കാഴ്ചകളുടെ ധാരാളിത്തം തന്നെയാണ് കല്യാണത്തണ്ടിനെ വേറിട്ടതാക്കുന്നതും.
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളാണ് കല്യാണത്തണ്ടിന്റെ പ്രധാന സവിശേഷത.
അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു വ്യു പോയിന്റ് കൊണ്ട് മാത്രം തീരുന്നതല്ല ഇവിടത്തെ സൗന്ദര്യം.
മഴയിലും മഞ്ഞിലും ഇവിടത്തെ കാഴ്ചകൾ വേനൽക്കാലത്തെക്കാൾ സുന്ദരമാണ്. കോടമഞ്ഞ് പുതച്ചിറങ്ങി ചുറ്റുമുള്ള ദൃശ്യങ്ങളെ എവിടെയോ ഒളിപ്പിച്ചതിന് സമാനമായ കാഴ്ച.